പൊതുജന പങ്കാളിത്തവും ശാസ്ത്രീയ പരിചരണവും ഉറപ്പാക്കാൻ എൻവയൺമെന്റ് ഏജൻസി – അബുദാബി രൂപം നൽകിയ ഡിജിറ്റൽ സംവിധാനം സാദിയാത്ത് ദ്വീപിൽ തുടക്കമായി.
അബുദാബി, ഒക്ടോബർ 17, 2026 : കരയിലും കടലിലും പരിക്കേൽക്കുകയോ ഒറ്റപ്പെടുകയോ ചെയ്യുന്ന ജീവജാലങ്ങൾക്ക് അടിയന്തര ചികിത്സയും സംരക്ഷണവും നൽകാൻ ലക്ഷ്യമിട്ട് അബുദാബി പരിസ്ഥിതി ഏജൻസി (ഇ.എ.ഡി) പുതിയ ‘വൈൽഡ്ലൈഫ് റെസ്പോൺസ് നെറ്റ്വർക്ക്’ പ്രവർത്തനസജ്ജമാക്കി.
സാദിയാത്ത് ദ്വീപിൽ നടന്ന ഔദ്യോഗിക ചടങ്ങിലാണ് പുതിയ സംരംഭം പ്രഖ്യാപിച്ചത്. സർക്കാർ വകുപ്പുകൾ, പരിസ്ഥിതി സംഘടനകൾ, അക്കാദമിക് സ്ഥാപനങ്ങൾ, മൃഗചികിത്സാ വിദഗ്ധർ, സന്നദ്ധപ്രവർത്തകർ എന്നിവരെ ഒരു ഡിജിറ്റൽ കുടക്കീഴിൽ ഏകോപിപ്പിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുക. പരിചരണത്തിന് ശേഷം പൂർണ ആരോഗ്യം വീണ്ടെടുത്ത കടലാമകളെ സാദിയാത്ത് തീരത്ത് നിന്ന് തിരികെ കടലിലേക്ക് വിട്ടുകൊണ്ടാണ് നെറ്റ്വർക്കിന്റെ ഉദ്ഘാടനം അധികൃതർ കുറിച്ചത്.
പൊതുജനങ്ങളിൽ നിന്നോ ഫീൽഡ് പരിശോധകരിലോ നിന്നോ ലഭിക്കുന്ന വിവരങ്ങൾ ഉടനടി നെറ്റ്വർക്കിന്റെ ഡിജിറ്റൽ സംവിധാനത്തിൽ രേഖപ്പെടുത്തും. തുടർന്ന് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുസജ്ജമായ രക്ഷാപ്രവർത്തക സംഘം ഉടൻ സ്ഥലത്തെത്തും. പ്രാഥമിക പരിശോധനകൾക്ക് ശേഷം പരിക്കേറ്റ മൃഗങ്ങളെ അതത് ജീവിവർഗങ്ങൾക്ക് അനുയോജ്യമായ പ്രത്യേക പുനരധിവാസ-ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ആരോഗ്യം വീണ്ടെടുത്താൽ മാത്രമേ ഇവയെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ വിടുകയുള്ളൂ.
2016-ൽ കടലാമകളെ രക്ഷപ്പെടുത്തുന്നതിലൂടെ തുടക്കമിട്ട ദൗത്യമാണ് ഇപ്പോൾ വലിയൊരു സംരക്ഷണ പദ്ധതിയെന്ന നിലയിലേക്ക് വളർന്നിരിക്കുന്നത്. നിലവിൽ കടൽപ്പശുക്കൾ (ഡുഗോങ്), ഡോൾഫിനുകൾ, കടൽപ്പാമ്പുകൾ, ദേശാടനപ്പക്ഷികൾ എന്നിവയെല്ലാം ഏജൻസിയുടെ രക്ഷാദൗത്യ പരിധിയിൽ വരുന്നുണ്ട്.
വന്യജീവികളുടെ സംരക്ഷണത്തിൽ കൃത്യമായ വിവരശേഖരണവും കൂട്ടായ പ്രവർത്തനവുമാണ് നിർണായകമെന്ന് ഇ.എ.ഡി ഭൗമ-സമുദ്ര ജൈവവൈവിധ്യ വിഭാഗം ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടർ മൈത മുഹമ്മദ് അൽ ഹമേലി വ്യക്തമാക്കി. രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ ഈ ഡിജിറ്റൽ സംവിധാനം സഹായിക്കുമെന്നും അവർ പറഞ്ഞു.
വെറുമൊരു രക്ഷാദൗത്യം എന്നതിനപ്പുറം അബുദാബിയുടെ തീരപ്രദേശങ്ങളിലെ ജൈവവൈവിധ്യ വെല്ലുവിളികൾ പഠിക്കാനുള്ള ഗവേഷണ വേദിയായും ഈ ശൃംഖല മാറും. മൃഗങ്ങൾക്കുണ്ടാകുന്ന പരിക്കുകൾ, രോഗലക്ഷണങ്ങൾ, ചത്തടിയുന്ന കാരണങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തും. ഇത് ഭാവിയിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയ അടിത്തറയേകും.
അടുത്ത ഘട്ടത്തിൽ ഉപഗ്രഹ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള റിയൽ-ടൈം ട്രാക്കിങ്, റെസ്ക്യൂ ടീമുകൾക്കുള്ള ആധുനിക പരിശീലനം, അന്താരാഷ്ട്ര സഹകരണം എന്നിവ ഉറപ്പാക്കുമെന്ന് പരിസ്ഥിതി ഏജൻസി അറിയിച്ചു.










