റിയാദ്/ഗുരുഗ്രാം: പശ്ചിമേഷ്യൻ മേഖലയിലേക്കും തിരിച്ചുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എസ്പ്രസ്സും വെള്ളിയാഴ്‌ച (മാർച്ച് 13) മൊത്തം 78 വിമാന സർവീസുകൾ നടത്തുമെന്ന് അറിയിച്ചു. ഷെഡ്യൂൾ ചെയ്ത സർവീസുകൾക്കൊപ്പം പ്രത്യേക സർവീസുകളും ഇതിൽ ഉൾപ്പെടും.
മസ്കറ്റിലേക്കും ജിദ്ദയിലേക്കും സാധാരണ ഷെഡ്യൂൾ സർവീസുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. ജിദ്ദയിലേക്ക് ആറ് വിമാനങ്ങളും മസ്കറ്റിലേക്ക് 12 വിമാനങ്ങളുമാണ് സർവീസ് നടത്തുക.
അതേസമയം യു.എ.ഇയിലേക്കും സൗദി അറേബ്യയിലേക്കുമായി 60 പ്രത്യേക വിമാന സർവീസുകൾ കൂടി നടത്തും. സ്ലോട്ടുകളുടെ ലഭ്യതയും ആവശ്യമായ അനുമതികളും ലഭിക്കുന്നതിനനുസരിച്ചായിരിക്കും ഇവയുടെ പ്രവർത്തനം.
മസ്കറ്റിൽ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഉണ്ടാകും.
കൂടാതെ ദുബൈ, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ നഗരങ്ങളിലേക്കും പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തും.
റിയാദിൽ നിന്ന് മുംബൈയിലേക്കും കോഴിക്കോട്ടേക്കും ഓരോ റൗണ്ട് ട്രിപ്പ് സർവീസുകളും ഉണ്ടായിരിക്കും.
താൽക്കാലികമായി റദ്ദാക്കിയ റൂട്ടുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് അധിക ചെലവില്ലാതെ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ പൂർണ്ണ റീഫണ്ട് ലഭിക്കുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് വാട്സാപ്പ് വഴിയുള്ള എഐ അസിസ്റ്റന്റ് ‘ടിയ’ (+91 6360012345) ഉപയോഗിച്ച് ടിക്കറ്റ് മാറ്റം നടത്താം. കൂടുതൽ വിവരങ്ങൾക്ക് എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്‌ലൈൻ നമ്പറുകളിലൂടെയോ (+91 1169329333, +91 1169329999) ബന്ധപ്പെടാം.










