അജ്മാന്‍: അജ്മാൻ ക്രൗൺ പ്രിൻസ് സ്പോർട്സ് ക്ലബ്ബിന്റെ മികച്ച കായിക പ്രകടനം പരിഗണിച്ച് 50 ലക്ഷം ദിർഹം സാമ്പത്തിക ഗ്രാന്റ് അനുവദിച്ചു. അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയാണ് സഹായം പ്രഖ്യാപിച്ചത്.
ഈ സീസണിൽ ക്ലബ്ബിന്റെ ആദ്യ ഫുട്ബോൾ ടീം കാഴ്ചവെച്ച മികച്ച പ്രകടനവും നേട്ടങ്ങളുമാണ് സാമ്പത്തിക സഹായത്തിന് അടിസ്ഥാനമായത്.
ശൈഖ് അമ്മാർ നൽകിയ പിന്തുണയ്ക്ക് ശൈഖ് റാശിദ് ബിൻ ഹുമൈദ് അൽ നുഐമി നന്ദി അറിയിച്ചു. അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് വകുപ്പ് ചെയർമാനും അജ്മാൻ സ്പോർട്സ് ക്ലബ് ചെയർമാനുമായ അദ്ദേഹം ടീമിന്റെ ഈ സീസണിലെ പ്രകടനത്തിൽ അഭിമാനം പ്രകടിപ്പിച്ചു.
ഡയറക്ടർ ബോർഡിനോടും കളിക്കാരോടും ജീവനക്കാരോടും പൂർണ വിശ്വാസമുണ്ടെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ വരും സീസണുകളിൽ കൂടുതൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവെച്ചു.







































