ജറൂസലം: ആഴ്ചകളായി തുടരുന്ന സംഘർഷങ്ങളും കടുത്ത നിയന്ത്രണങ്ങളും അവസാനിച്ചതോടെ മസ്ജിദുൽ അഖ്സയിൽ വീണ്ടും പ്രാർഥനാനിരതമായ പ്രഭാതം. ഇറാനും അമേരിക്കയും തമ്മിലുള്ള താത്കാലിക വെടിനിർത്തൽ നിലവിൽ വന്നതോടെയാണ് 40 ദിവസത്തെ അടച്ചിടലിന് ശേഷം വ്യാഴാഴ്ച ഫജർ നമസ്കാരത്തിനായി പള്ളി തുറന്നു.
യുദ്ധം ആരംഭിച്ചതിനുശേഷം ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങൾ നീക്കപ്പെട്ടതോടെ വിശ്വാസികൾ വലിയ തോതിൽ അൽ അഖ്സ മുറ്റത്ത് എത്തി.
മസ്ജിദുൽ അഖ്സയ്ക്ക് പുറമെ ജറൂസലത്തിലെ പഴയ നഗരത്തിലുള്ള വെസ്റ്റേൺ വാൾ, ചർച്ച് ഓഫ് ഹോളി സെപുൽക്കർ എന്നീ പ്രധാന പുണ്യസ്ഥലങ്ങളും സന്ദർശകർക്കായി വീണ്ടും തുറന്നുനൽകി.
ഈസ്റ്റർ, പെസഹ പോലുള്ള പ്രധാന മതാഘോഷ സമയങ്ങളിലും ഈ പുണ്യസ്ഥലങ്ങൾ അടച്ചിട്ടിരിക്കേണ്ടി വന്നിരുന്നു. ഇപ്പോഴത്തെ വെടിനിർത്തൽ തീരുമാനത്തോടെ പ്രദേശത്ത് താത്കാലിക സമാധാന അന്തരീക്ഷം രൂപപ്പെട്ടിരിക്കുകയാണ്.






























