ന്യൂഡൽഹി: സമത്വം, നീതി, സാമൂഹിക പരിഷ്കാരം എന്നിവയ്ക്കായി ജീവിതം സമർപ്പിച്ച ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ 135ാം ജന്മവാർഷികം രാജ്യമെങ്ങും വിപുലമായി ആഘോഷിച്ചു.
ഗാന്ധിനഗറിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു അംബേദ്കറുടെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി. പാർലമെന്റ് സമുച്ചയത്തിലെ പ്രതിമയിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, ലോക്‌സഭാ സ്പീക്കർ ഓം ബിർള, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
രാജ്യനിർമാണത്തിൽ അംബേദ്കർ നൽകിയ സംഭാവനകൾ അതുല്യമാണെന്നും നീതിയുള്ള സമൂഹം സൃഷ്ടിക്കാൻ അദ്ദേഹത്തിന്റെ ആശയങ്ങൾ ഇന്നും പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യം, സമത്വം, സഹോദരത്വം എന്നീ മൂല്യങ്ങൾക്കായി പോരാടിയ മഹാനായ നേതാവാണ് അംബേദ്കറെന്ന് ഖാർഗെ അനുസ്മരിച്ചു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീതിയിലും സമത്വത്തിലും അന്തസ്സിലും അധിഷ്ഠിതമായ ശക്തമായ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അംബേദ്കർ നമുക്ക് നൽകിയതെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
അംബേദ്കറുടെ പൈതൃകത്തെയും ഭരണഘടനയെയും ദുർബലപ്പെടുത്താൻ ചില ശക്തികൾ ബോധപൂർവം ശ്രമിക്കുകയാണ്. അദ്ദേഹത്തിന്റെ ആശയങ്ങൾ സംരക്ഷിക്കാൻ തന്റെ അവസാന ശ്വാസം വരെ പോരാടുമെന്നും രാഹുൽ എക്സിൽ കുറിച്ചു.
ആധുനിക ഇന്ത്യയുടെ രൂപവത്കരണത്തിൽ അംബേദ്കർ വഹിച്ച നിർണായക പങ്കിനെ പ്രിയങ്ക ഗാന്ധി തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു. ഡൽഹിയിലടക്കം വിവിധ നഗരങ്ങളിൽ വിവിധ ദലിത് സംഘടനകൾ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.







































