ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എക്സിറ്റ് പോളുകൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന വിലക്ക് ഏർപ്പെടുത്തി. ഏപ്രിൽ 9 മുതൽ 29 വരെ ഈ നിരോധനം നിലവിലുണ്ടാകുമെന്ന് കമ്മീഷൻ അറിയിച്ചു.
ഏപ്രിൽ 9 ന് രാവിലെ 7 മണി മുതൽ ഏപ്രിൽ 29 ന് വൈകുന്നേരം 6:30 വരെ എക്സിറ്റ് പോളുകൾ നടത്തുകയോ അവയുടെ ഫലങ്ങൾ പത്രങ്ങൾ, ദൃശ്യമാധ്യമങ്ങൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ പ്രസിദ്ധീകരിക്കുകയോ പാടില്ലെന്ന് കമ്മീഷൻ ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ അഭിപ്രായ സർവേകൾ ഉൾപ്പെടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ ഒന്നും നടത്താൻ പാടില്ലെന്നും കമ്മീഷൻ നിർദേശിച്ചു.
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126A പ്രകാരമാണ് ഈ നിയന്ത്രണം. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 9 ന് വോട്ടെടുപ്പ് നടക്കും. തമിഴ്നാട്ടിൽ ഏപ്രിൽ 23 നും പശ്ചിമ ബംഗാളിൽ ഏപ്രിൽ 23 നും 29 നും രണ്ട് ഘട്ടങ്ങളിലായി പോളിംഗ് നടക്കും. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ മെയ് 4 ന് നടത്തും.
വോട്ടർമാരെ സ്വാധീനിക്കുന്ന പ്രവണതകൾ തടയുകയും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.












































