ദുബായ് : യുഎഇയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകത്തെ വിസ്മയിപ്പിച്ച് മലയാളി സംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള ബുർജീൽ ഹോൾഡിങ്‌സ്. 64 രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരെ ഒരു ബാനറിന് കീഴിൽ അണിനിരത്തി ‘ഏറ്റവുമധികം രാജ്യക്കാർ ചേർന്ന് ഉയർത്തിയ ബാനർ’ എന്ന ഗിന്നസ് ലോക റെക്കോർഡാണ് ബുർജീൽ സ്വന്തമാക്കിയത്. 2019-ൽ 58 രാജ്യക്കാർ ചേർന്ന് ദുബായിൽ സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.

അബുദാബി ഹുദൈരിയത്ത് ദ്വീപിലെ സ്പോർട്സ് മൈതാനത്ത് നടന്ന ചടങ്ങിൽ കനത്ത മഴയെപ്പോലും അവഗണിച്ചാണ് ആരോഗ്യപ്രവർത്തകർ തങ്ങളുടെ പ്രിയപ്പെട്ട രാജ്യത്തിനായ് ഒത്തുചേർന്നത്. 85 മീറ്റർ നീളവും 200 കിലോയിലധികം ഭാരവുമുള്ള കൂറ്റൻ ബാനർ ഉയർത്തിപ്പിടിച്ച് ഇവർ 100 മീറ്ററിലധികം ദൂരം നടന്നു. “നമ്മുടെ രാഷ്ട്രം, നമ്മുടെ ഹൃദയമിടിപ്പ്” എന്ന പ്രമേയത്തിലായിരുന്നു ഈ ആവേശകരമായ ഐക്യദാർഢ്യ പ്രകടനം.
വാർഷിക കായിക മേളയായ ‘ബുർജീൽ ഗെയിംസി’ന്റെ സമാപനത്തോടനുബന്ധിച്ചാണ് ഈ ചരിത്രനേട്ടം പിറന്നത്. ഫിലിപ്പൈൻസ്, ഇന്ത്യ, യുകെ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 153 പേരാണ് ഈ ഉദ്യമത്തിൽ നേരിട്ട് പങ്കെടുത്തത്. യുഎഇയുടെ വൈവിധ്യത്തിന്റെയും കരുത്തിന്റെയും പ്രതിഫലനമാണ് ഈ നേട്ടമെന്ന് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

വെറും 48 മണിക്കൂറിനുള്ളിലാണ് ഇത്രയും ബൃഹത്തായ ഒരു പരിപാടി സംഘടിപ്പിച്ചത് എന്നത് നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. ഔദ്യോഗിക ഗിന്നസ് വേൾഡ് റെക്കോർഡ് അഡ്ജുഡിക്കേറ്റർ റാഫത്ത് തൗഫീക് നേരിട്ടെത്തിയാണ് റെക്കോർഡ് സ്ഥിരീകരിച്ചത്. ബുർജീലിലെ നിരവധി മലയാളി ഡോക്ടർമാരും നഴ്സുമാരും ഈ ലോക റെക്കോർഡ് നേട്ടത്തിൽ പങ്കാളികളായി.
English Summary: Burjeel Holdings, a leading healthcare provider in the UAE led by prominent Indian entrepreneur Dr. Shamsheer Vayalil, has etched its name in the Guinness World Records. The organization achieved the title for the ‘Most Nationalities Carrying a Banner’, featuring frontline healthcare workers from 64 different nations.





































