വീടും സ്കൂളും ചേരുന്ന സുരക്ഷിത ശൃംഖല കുട്ടികൾക്ക് ഉറപ്പാക്കണമെന്ന് ഡയറക്ടർ ജനറൽ ഹനാദി അൽ യാഫി.
ഷാർജ, 31 ഓഗസ്റ്റ് 2026: 2026–2027 അധ്യയന വർഷത്തിന് തുടക്കമായതോടെ, വിദ്യാർത്ഥികളുടെ സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കാൻ കുടുംബങ്ങളും സ്കൂളുകളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഷാർജ ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.
കുട്ടികളുടെ സമഗ്ര വികസനത്തിനും സുരക്ഷയ്ക്കുമായി ആറ് പ്രധാന മേഖല കേന്ദ്രീകരിച്ചുള്ള പ്രവർത്തന രൂപരേഖയാണ് സംഘടന മുന്നോട്ടുവെക്കുന്നത്. വീടും സ്കൂളും തമ്മിലുള്ള യാത്രയിലെ സുരക്ഷിതത്വം, ആരോഗ്യപരമായ തയ്യാറെടുപ്പ്, ഡിജിറ്റൽ ഉപകരണങ്ങളുടെ ഉത്തരവാദിത്തമുള്ള ഉപയോഗം, പരസ്പര ബഹുമാനത്തോടെയുള്ള പെരുമാറ്റം, കുടുംബത്തിലെ തുറന്ന ആശയവിനിമയം, അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള സമ്പർക്കം എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.
“കേൾക്കാൻ തയ്യാറുള്ള കുടുംബവും കരുതലുള്ള സ്കൂളും ഉത്തരവാദിത്തമുള്ള ഡിജിറ്റൽ അന്തരീക്ഷവും ചേരുമ്പോഴാണ് കുട്ടികൾക്ക് ഏറ്റവും മികച്ച പഠനാന്തരീക്ഷം ഒരുങ്ങുന്നത്,” എന്ന് ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ഹനാദി സ്വാലിഹ് അൽ യാഫി വ്യക്തമാക്കി.
കുട്ടികളുടെ മാനസികാരോഗ്യത്തിലും പഠന മികവിലും കൃത്യമായ ഉറക്കവും വ്യായാമവും വലിയ പങ്കുവഹിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾ പ്രതിദിനം 9 മുതൽ 12 മണിക്കൂർ വരെയും, 13 മുതൽ 18 വയസ്സുവരെയുള്ളവർ 8 മുതൽ 10 മണിക്കൂർ വരെയും ഉറങ്ങേണ്ടതുണ്ട്. കൂടാതെ, 5 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾ ദിവസവും കുറഞ്ഞത് 60 മിനിറ്റെങ്കിലും കായിക വിനോദങ്ങളിൽ ഏർപ്പെടണമെന്നും സംഘടന ഓർമ്മിപ്പിക്കുന്നു.
സൈബർ ബുല്ലിയിംഗ് ഉൾപ്പെടെയുള്ള ഭീഷണികൾ തടയാൻ വീടുകളിൽ ഡിജിറ്റൽ നിയന്ത്രണ മാനദണ്ഡങ്ങൾ നിശ്ചയിക്കണം. സ്കൂളുകളിലെ ബുല്ലിയിംഗ് തടയാൻ പരസ്പര ബഹുമാനത്തിന്റെ സംസ്കാരം വളർത്തിയെടുക്കേണ്ടതുണ്ട്. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കൾ അറിയിക്കാൻ ഷാർജ സോഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെന്റിന്റെ ‘800700’ എന്ന ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.










