ന്യൂഡൽഹി: യു.എസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില വീണ്ടും കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 8.36 ശതമാനം ഉയർന്ന് 103.16 ഡോളറിലെത്തി.
ഹുർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന അമേരിക്കൻ ഭീഷണിയും സംഘർഷം രൂക്ഷമാകുമെന്ന ആശങ്കയും ഊർജ വിപണിയിൽ വലിയ പ്രതിഫലനമാണ് സൃഷ്ടിച്ചത്. ആഗോള എണ്ണ ഗതാഗതത്തിലെ പ്രധാന പാതയായ ഹുർമുസ് കടലിടുക്കിലെ അനിശ്ചിതത്വം വില വർധനയ്ക്ക് പ്രധാന കാരണമായി.
ഇസ്‌ലാമാബാദിൽ നടന്ന യു.എസ്-ഇറാൻ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് കടലിടുക്ക് ഉപരോധിക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ വിപണിയിൽ അനിശ്ചിതത്വം ശക്തമായി.
അതേസമയം, സമുദ്ര ഇടനാഴിയിൽ ഏത് തരത്തിലുള്ള ആക്രമണവും ശക്തമായി നേരിടുമെന്ന് ഇറാൻ പ്രതികരിച്ചു. ഇതോടെ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക നിക്ഷേപകരിൽ വർധിച്ചു.
ഹുർമുസ് കടലിടുക്ക് ലോകത്തെ എണ്ണ ഗതാഗതത്തിന്റെ നിർണായക കേന്ദ്രമാണ്. ഇവിടെ ഉണ്ടാകുന്ന ഏത് തരത്തിലുള്ള തടസ്സവും ആഗോള വിപണിയിൽ വിലവർധനക്കും വിതരണ പ്രതിസന്ധിക്കും കാരണമാകാറുണ്ട്.
ഫെബ്രുവരി അവസാനം ആരംഭിച്ച സംഘർഷത്തിന് പിന്നാലെ കടലിടുക്കിലെ നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ ഇതിനകം തന്നെ എണ്ണവിപണിയിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. പുതിയ സംഭവവികാസങ്ങൾ ഈ സമ്മർദ്ദം കൂടുതൽ വർധിപ്പിച്ചിരിക്കുകയാണ്.






































