ദുബായ്: എമിറേറ്റിലെ താമസക്കാരുടെയും സന്ദർശകരുടെയും മാനസികാരോഗ്യ സംരക്ഷണത്തിന് പിന്തുണ നൽകുന്നതിനായി ‘ഇത്‌മഇൻ’ (Itmi’n) എന്ന പേരിൽ പുതിയ ഹെൽപ്‌ലൈൻ സേവനം ദുബായ് അധികൃതർ ആരംഭിച്ചു. മാനസിക സമ്മർദ്ദം, ആശങ്ക, വിഷാദം തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നവർക്ക് പ്രൊഫഷണൽ മാർഗനിർദേശം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നതാണ്.
800 506 എന്ന നമ്പറിൽ ബന്ധപ്പെടുന്നവർക്ക് മാനസികാരോഗ്യ രംഗത്ത് പരിചയസമ്പന്നരായ കൗൺസിലർമാരുമായി നേരിട്ട് സംസാരിക്കാനാകും. വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ആവശ്യമായ പിന്തുണയും നിർദേശങ്ങളും നൽകും. സേവനം പൂർണ്ണമായും സൗജന്യമാണ്. എല്ലാ ദിവസവും രാവിലെ 9 മുതൽ അർധരാത്രിവരെ ഹെൽപ്‌ലൈൻ ലഭ്യമാകും.
ദുബായ് ഹെൽത്ത്, കമ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി (CDA) എന്നിവയുടെ സംയുക്ത സഹകരണത്തിലാണ് ഈ സംരംഭം നടപ്പാക്കുന്നത്. സമൂഹത്തിന്റെ ആകെ ക്ഷേമത്തിൽ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുന്ന ദുബായ് സർക്കാറിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, മെഡിസിൻ, നഴ്‌സിംഗ്, സൈക്കോളജി, സോഷ്യൽ വർക്ക് മേഖലകളിൽ പ്രാവീണ്യമുള്ളവർക്ക് ഈ പദ്ധതിയിൽ സന്നദ്ധ സേവനമായി പങ്കുചേരാൻ അവസരവും ഒരുക്കിയിട്ടുണ്ട്. താൽപര്യമുള്ളവർ ദുബായ് നൗ ആപ്ലിക്കേഷൻ വഴി അപേക്ഷ സമർപ്പിക്കാം.
മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് എളുപ്പത്തിൽ സഹായം ലഭ്യമാക്കുന്നതിലും സമൂഹത്തിൽ അവബോധം വർധിപ്പിക്കുന്നതിലും ഈ ഹെൽപ്‌ലൈൻ നിർണായകമായ ഒരു ചുവടുവയ്പ്പായിരിക്കും.





































