ഡൽഹി-ദുബായ് വിമാനം EK517 പക്ഷിയിടിച്ചതിനെ തുടർന്ന് അറ്റകുറ്റപ്പണിയിൽ; യാത്രക്കാർക്ക് ഹോട്ടൽ സൗകര്യം ഒരുക്കി എമിറേറ്റ്സ്
ന്യൂഡൽഹി : ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു. ശനിയാഴ്ച വൈകുന്നേരം ദുബായിലേക്ക് മടങ്ങേണ്ടിയിരുന്ന വിമാന സർവീസ് സാങ്കേതിക പരിശോധനകൾക്കായി ഞായറാഴ്ച രാവിലത്തേക്ക് മാറ്റി.
ശനിയാഴ്ച ദുബായിൽ നിന്ന് ഡൽഹിയിലെത്തിയ എമിറേറ്റ്സിന്റെ EK517 വിമാനത്തിലാണ് ലാൻഡിംഗിനിടെ പക്ഷിയിടിച്ചത്. ഇതേത്തുടർന്ന് വിമാനം സുരക്ഷാ പരിശോധനകൾക്കായി നിലത്തിറക്കി. തുടർന്ന് നടക്കേണ്ടിയിരുന്ന ഡൽഹി-ദുബായ് മടക്കയാത്ര റദ്ദാക്കി ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് പുതിയ സമയം നിശ്ചയിക്കുകയായിരുന്നു.
വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർക്കായി എമിറേറ്റ്സ് ഹോട്ടൽ താമസമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എൻജിനും വിമാനത്തിന്റെ മറ്റ് ഭാഗങ്ങൾക്കും തകരാറുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് എഞ്ചിനീയറിംഗ് വിഭാഗം വിശദമായി പരിശോധിക്കുകയാണ്.
ഒക്ടോബർ 17-ന് ദുബായിൽ നിന്നെത്തിയ EK517 വിമാനത്തിൽ പക്ഷിയിടിച്ചതായി എമിറേറ്റ്സ് വക്താവ് സ്ഥിരീകരിച്ചു. വിമാനത്തിന് ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കേണ്ടതിനാൽ മടക്കയാത്ര ഒക്ടോബർ 18 ഞായറാഴ്ച രാവിലെ ഏഴ് മണിയിലേക്ക് പുനഃക്രമീകരിച്ചതായും വക്താവ് വ്യക്തമാക്കി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച എയർലൈൻ അധികൃതർ, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും വ്യക്തമാക്കി.
സാധാരണയായി വിമാനങ്ങൾ കുറഞ്ഞ ഉയരത്തിൽ പറക്കുന്ന ലാൻഡിംഗ്, ടേക്ക് ഓഫ് സമയങ്ങളിലാണ് പക്ഷിയിടിക്കാനുള്ള സാധ്യത കൂടുതൽ. ഇത്തരം ഘട്ടങ്ങളിൽ ചിറകുകൾക്കോ ടർബൈൻ ബ്ലേഡുകൾക്കോ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് സാങ്കേതിക വിദഗ്ധർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷമേ വിമാനം വീണ്ടും സർവീസിന് ഇറക്കാറുള്ളൂ.
ദുബായ് വഴി മറ്റു രാജ്യങ്ങളിലേക്ക് പോകേണ്ടിയിരുന്ന ട്രാൻസിറ്റ് യാത്രക്കാരുടെ തുടർയാത്രാ ക്രമീകരണങ്ങളും എയർലൈൻ അധികൃതർ ഉറപ്പുവരുത്തുന്നുണ്ട്.










