അബുദാബി, ദുബായ്, അൽ ദൈദ്, ഫുജൈറ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസിന് മികച്ച സ്വീകാര്യത; കൂടുതൽ സ്റ്റേഷനുകൾ ഉടൻ
അബുദാബി, യു.എ.ഇ — യു.എ.ഇ ദേശീയ പാസഞ്ചർ റെയിൽ ശൃംഖല ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ച് ആദ്യ മുപ്പത് ദിവസത്തിനുള്ളിൽ വിറ്റഴിച്ചത് 1,20,000 ടിക്കറ്റുകൾ. 2026 സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 30 വരെയുള്ള കണക്കുകളാണിത്.
അബുദാബി, ദുബായ്, അൽ ദൈദ്, ഫുജൈറ എന്നീ പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള സർവീസിനാണ് യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നത്. പുതിയ യാത്രാസംവിധാനം ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടിയതായി ഇത്തിഹാദ് റെയിൽ അറിയിച്ചു.
റെയിൽ യാത്ര ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഇത്തിഹാദ് റെയിൽ മൊബിലിറ്റി കൊമേഴ്സ്യൽ ആൻഡ് സപ്പോർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ അദ്റാ അൽ മൻസൂരി പറഞ്ഞു. സുരക്ഷിതവും സുഖകരവുമായ യാത്രാമാർഗ്ഗമെന്ന നിലയിൽ യാത്രക്കാർ അർപ്പിച്ച വിശ്വാസമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്നും സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.

യാത്രക്കാർക്കായി വിവിധ കണക്റ്റിവിറ്റി സൗകര്യങ്ങളും സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ദുബായ് അൽ യലായിസ് സ്റ്റേഷനെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന കാൽനടപ്പാലം വഴി ദുബായ് മെട്രോ റെഡ് ലൈനിലേക്ക് നേരിട്ടെത്താം. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ നിന്ന് കോർണിഷിലെ അഡ്നോക് ആസ്ഥാനം, അഡ്നെക് സെന്റർ, റീം മാൾ, യാസ് ഐലൻഡ് എന്നിവിടങ്ങളിലേക്ക് പ്രത്യേക ഷട്ടിൽ ബസ് സർവീസുകളും ലഭ്യമാണ്.
നേരത്തെ സർവീസ് തുടങ്ങിയ അബുദാബി, ഫുജൈറ സ്റ്റേഷനുകൾക്കൊപ്പം ദുബായ് അൽ യലായിസ്, ഷാർജയിലെ അൽ ദൈദ് സ്റ്റേഷനുകൾ കൂടി പ്രവർത്തനസജ്ജമായതോടെയാണ് സമ്പൂർണ്ണ പാസഞ്ചർ ശൃംഖല നിലവിൽ വന്നത്. വരും മാസങ്ങളിൽ അൽ ദഫ്ര മേഖലയിലെ ലിവ, മദീനത് സായിദ് ഉൾപ്പെടെയുള്ള കൂടുതൽ പ്രദേശങ്ങളിലേക്ക് പാസഞ്ചർ ട്രെയിൻ ശൃംഖല വ്യാപിപ്പിക്കും.










