അബൂദബി: ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ യുഎഇയിലെത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.
ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയിൽ മേഖലയിൽ നടക്കുന്ന പുതിയ സംഭവവികാസങ്ങളും അതിന്റെ സുരക്ഷ, സാമ്പത്തികം, ഊർജ മേഖലകളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും വിശദമായി ചര്‍ച്ച ചെയ്തു.
ഇതിനൊപ്പം, സിവിലിയന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. യു.എ.ഇക്കെതിരായ ആക്രമണങ്ങളെ മെലോണി ശക്തമായി അപലപിക്കുകയും ചെയ്തു.
രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കാൻ യു.എ.ഇ സ്വീകരിക്കുന്ന നടപടികൾക്ക് ഇറ്റലിയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് മെലോണി വ്യക്തമാക്കി.
അതേസമയം, യു.എ.ഇയും ഇറ്റലിയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനും ഇരുരാജ്യങ്ങളും ധാരണയായി.
സാമ്പത്തികവും വികസനപരവുമായ മേഖലകളിൽ പുതിയ അവസരങ്ങൾ തേടാനും ഇരു നേതാക്കളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും വ്യക്തമാക്കി.
കൂടിക്കാഴ്ചയിൽ യു.എ.ഇയിലെ മുതിർന്ന നേതാക്കളും വിവിധ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇതോടെ, മേഖലയിലെ സംഘർഷാവസ്ഥയ്ക്കിടയിലും രാജ്യാന്തര സഹകരണവും നയതന്ത്ര ഇടപെടലുകളും ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ തുടരുന്നുവെന്നതാണ് വ്യക്തമാകുന്നത്.









































