തെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഹുർമുസ് കടലിടുക്ക് അടഞ്ഞതോടെ, അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് പുതിയ പാത തേടുന്ന നീക്കങ്ങൾ ശക്തമാകുന്നു. ഇതിനിടെ ഇന്ത്യയുടെ ഉൾപ്പെടെ നാല് വലിയ കപ്പലുകൾ പുതിയ സമുദ്രപാതയിലൂടെ യാത്ര ആരംഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എണ്ണ, എൽ.എൻ.ജി, കാർഗോ എന്നിവ വഹിക്കുന്ന കപ്പലുകളാണ് ഒമാന്റെ സമുദ്രാതിർത്തിക്കുള്ളിലെ പുതിയ വഴിയിലൂടെ സഞ്ചരിക്കുന്നതെന്നാണ് റിപ്പോർട്ട്. സാധാരണയായി അന്താരാഷ്ട്ര ജലാശയങ്ങൾ ഉപയോഗിക്കുന്ന കപ്പലുകൾ, ഈ സാഹചര്യത്തിൽ മറ്റൊരു സുരക്ഷിത പാത തിരഞ്ഞെടുക്കുകയാണ്.
റിമോട്ട് സെൻസിങ് ഡാറ്റകളുടെ അടിസ്ഥാനത്തിൽ, മാർഷൽ ദ്വീപുകളും പനാമയും പതാകയുള്ള എണ്ണക്കപ്പലുകളും എൽ.എൻ.ജി കപ്പലുകളും ഒമാന്റെ ജലപരിധിയിലേക്ക് പ്രവേശിച്ചതായി കണ്ടെത്തി. മുസന്ദം പ്രദേശത്തിന് സമീപം ഇവയുടെ ട്രാൻസ്‌പോണ്ടർ സിഗ്നലുകൾ ഓഫ് ചെയ്തതും ശ്രദ്ധേയമാണ്.
ഇതിനൊപ്പം, മൂന്ന് കപ്പലുകൾക്ക് പിന്നാലെ ഇന്ത്യൻ പതാകയേന്തിയ ഒരു കാർഗോ കപ്പലും യാത്ര തുടരുന്നതായി റിപ്പോർട്ടുണ്ട്. ദുബായിൽ നിന്ന് മാർച്ച് 31ന് പുറപ്പെട്ട ഈ കപ്പൽ നിലവിൽ ഒമാനടുത്ത കടലിൽ സഞ്ചരിക്കുകയാണ്.
ഹുർമുസ് കടലിടുക്ക് അടഞ്ഞതിനെ തുടർന്ന് ആഗോള ഇന്ധന വിതരണത്തിൽ വലിയ തടസ്സമാണ് ഉണ്ടായത്. ലോകത്തെ എണ്ണവ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഈ കടലിടുക്കിലൂടെ നടക്കുന്നതിനാൽ, ഇതിന്റെ അടച്ചിടൽ പല രാജ്യങ്ങൾക്കും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
അതേസമയം, ഈ പ്രതിസന്ധിയെ മറികടക്കാൻ പുതിയ സമുദ്രപാതകൾ ഉപയോഗിക്കുന്നത് ഒരു താൽക്കാലിക പരിഹാരമായി വിലയിരുത്തപ്പെടുന്നു. എന്നാൽ, സുരക്ഷാ ആശങ്കകളും നാവിഗേഷൻ വെല്ലുവിളികളും തുടരുന്ന സാഹചര്യത്തിൽ ഈ നീക്കം എത്രത്തോളം വിജയകരമാകും എന്നത് വ്യക്തമല്ല.
ഇതോടെ, ഹുർമുസ് ഉപരോധത്തെ തുടർന്ന് ആഗോള സമുദ്ര ഗതാഗതവും ഊർജ വിതരണവും പുതിയ വഴികൾ തേടുന്ന ഘട്ടത്തിലേക്ക് കടക്കുകയാണ്.





































