ഫുജൈറ : മീഡിയ പാർക്ക് കൺവെൻഷൻ സെന്ററിൽ INCAS ഫുജൈറ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രിയദർശിനി ആരോഗ്യ സേവന അവാർഡ് 2026 ശ്രദ്ധേയമായി. യുഎഇയിലെ ഈസ്റ്റ് കോസ്റ്റ് റീജിയണിൽ സേവനം ചെയ്യുന്ന കോട്ടയംകാരായ ആരോഗ്യപ്രവർത്തകരുടെ സമർപ്പണത്തിനും നിസ്വാർത്ഥ സേവനത്തിനുമുള്ള ആദരമായാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങ് കോട്ടയം ഡി.സി.സി. പ്രസിഡന്റും ഏറ്റുമാനൂർ എം.എൽ.എയുമായ ശ്രീ. നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. കുട്ടനാട് എം.എൽ.എ ശ്രീ. റെജി ചെറിയാൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
INCAS ഫുജൈറ കോട്ടയം ജില്ലാ പ്രസിഡന്റ് മനു ജോൺ അധ്യക്ഷത വഹിച്ചു. കമ്മിറ്റി മുഖ്യരക്ഷാധികാരി ബിജോയ് ഇഞ്ചിപ്പറമ്പിൽ ആമുഖപ്രസംഗം നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ലെസ്‌റ്റിൻ ഉണ്ണി സ്വാഗതം പറഞ്ഞു. ഷൈൻ പ്ലാമൂട്ടിൽ നന്ദി രേഖപ്പെടുത്തി.
INCAS UAE വൈസ് പ്രസിഡന്റ് ഷാജി ഷംസുദ്ദീൻ, INCAS UAE ജനറൽ സെക്രട്ടറിമാരായ കെ. സി. അബൂബക്കർ, ബി. എ. നാസർ, INCAS ഫുജൈറ വൈസ് പ്രസിഡന്റുമാരായ ആനന്ദകുട്ടൻ പിള്ള, പ്രേമസ് പോൾ, ട്രഷറർ ജിതേഷ് നമ്പ്രോൺ, സെക്രട്ടറിമാരായ അനീഷ് ആന്റണി, ഷിജിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഈസ്റ്റ് കോസ്റ്റ് റീജിയണിൽ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവൻ കാക്കാനും കരുതലേകാനും മുന്നിൽ നിൽക്കുന്ന ആരോഗ്യപ്രവർത്തകർ സമൂഹത്തിന്റെ യഥാർത്ഥ സേവനദൂതന്മാരാണെന്ന സന്ദേശമാണ് ചടങ്ങ് മുന്നോട്ടുവച്ചത്. സ്വന്തം കുടുംബത്തെയും നാടിനെയും വിട്ട് അനേകം മനുഷ്യരുടെ ജീവിതത്തിൽ പ്രതീക്ഷയും ആശ്വാസവും പകരുന്ന ആരോഗ്യപ്രവർത്തകരുടെ സമർപ്പണത്തിനും സേവനത്തിനുമുള്ള സ്നേഹാദരവും നന്ദിയും അർപ്പിച്ചുകൊണ്ടാണ് പ്രിയദർശിനി ആരോഗ്യ സേവന അവാർഡ് 2026 സമർപ്പിച്ചത്.
ആരോഗ്യരംഗത്ത് നിസ്വാർത്ഥ സേവനം ചെയ്യുന്നവരെ ആദരിക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് സമൂഹത്തിന്റെ അംഗീകാരം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി ഈസ്റ്റ് കോസ്റ്റ് മേഖലയിലെ ആരോഗ്യപ്രവർത്തകരുടെ സേവനത്തെ സമൂഹത്തിന് മുന്നിൽ ഉയർത്തിക്കാട്ടിയ ഹൃദയസ്പർശിയായ വേദിയായി മാറി.






