മസ്‌കത്ത്: ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര-സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യ-ഒമാൻ നെറ്റ്‌വർക്ക് (ഐ.ഒ.എൻ) സംഘടിപ്പിക്കുന്ന ഓൺലൈൻ ബിസിനസ് സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകുന്നു.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങൾക്കിടയിലെ നിക്ഷേപ-വ്യാപാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.
മസ്‌കത്തിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലാണ് വെർച്വൽ കോൺഫറൻസ് സംഘടിപ്പിക്കുന്നത്. കൃഷി, ഭക്ഷ്യസംസ്‌കരണം, ലോജിസ്റ്റിക്‌സ്, സാങ്കേതികവിദ്യ, ഊർജം തുടങ്ങിയ മേഖലകളിൽ സംയുക്ത സംരംഭങ്ങളും നിക്ഷേപ അവസരങ്ങളും ചർച്ച ചെയ്യും.
ഇന്ത്യയിലെയും ഒമാനിലെയും സർക്കാർ പ്രതിനിധികൾ, വ്യവസായികൾ, നയരൂപീകരണ വിദഗ്ധർ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. സംരംഭകർക്ക് തങ്ങളുടെ ബിസിനസ് ആശയങ്ങൾ അവതരിപ്പിക്കാനും അനുയോജ്യ പങ്കാളികളെ കണ്ടെത്താനും ഈ പ്ലാറ്റ്‌ഫോം അവസരം നൽകും.
ഒമാന്റെ ‘വിഷൻ 2040’ പദ്ധതിയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ ഈ സംരംഭം സഹായിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
ഔഷധ നിർമ്മാണം, ആയുർവേദ കൃഷി, ലോജിസ്റ്റിക്‌സ് ഹബ്ബുകൾ, മത്സ്യ സംസ്കരണ പദ്ധതികൾ തുടങ്ങിയ മേഖലകളിൽ പ്രത്യേക ശ്രദ്ധ നൽകും. സുഹാർ സ്പെഷ്യൽ ഇക്കണോമിക് സോൺ, ഖാസെൻ ഇക്കണോമിക് സിറ്റി, സലാല എന്നിവയെ കേന്ദ്രീകരിച്ചുള്ള പദ്ധതികളും ചർച്ചയിൽ ഉൾപ്പെടും.
ഇന്ത്യ-ഒമാൻ സാമ്പത്തിക ബന്ധത്തിൽ പങ്കാളികളാകാൻ താൽപര്യമുള്ള സംരംഭകരെ ഈ സംരംഭത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു.







































