തെഹ്‌റാൻ/വാഷിംഗ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം കൂടുതൽ അപകടകരമായ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ യു.എസിന് ശക്തമായ ‘റെഡ് ലൈൻ’ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഹുർമുസ് കടലിടുക്ക് തുറക്കണമെന്ന് ആവശ്യപ്പെട്ട യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഈ മുന്നറിയിപ്പ്.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പുറത്തിറക്കിയ പ്രസ്താവനയിൽ, തങ്ങളുടെ അതിരുകൾ ലംഘിക്കാൻ ശ്രമിച്ചാൽ തിരിച്ചടിക്കാൻ ‘മടിക്കില്ല’ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഘർഷം പ്രാദേശിക യുദ്ധമായി മാത്രം നിൽക്കില്ലെന്നും, അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും എതിരെ മിഡിൽ ഈസ്റ്റിന് പുറത്തേക്കും ആക്രമണം വ്യാപിക്കാമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
‘നല്ല അയൽബന്ധം നിലനിർത്തുന്നതിനായി ഇതുവരെ വലിയ സംയമനം പാലിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ നിയന്ത്രണങ്ങൾ എല്ലാം നീക്കം ചെയ്തിരിക്കുകയാണ്’ എന്ന് ഗാർഡ് കോർപ്സ് വ്യക്തമാക്കി.
‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ എന്ന പേരിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമായി ‘വേവ് 99’ ആക്രമണത്തെക്കുറിച്ചും വിവരങ്ങൾ പുറത്തുവിട്ടു. മിഡിൽ ഈസ്റ്റിലുടനീളം അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക-തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമാണ് ഈ നടപടി.
പേർഷ്യൻ ഗൾഫ് മേഖലയിലും ഹുർമുസ് കടലിടുക്കിലും ഉള്ള യു.എസ് താവളങ്ങളും താൽപര്യങ്ങളും, കൂടാതെ ഇസ്രായേലിലെ സൈനിക കേന്ദ്രങ്ങളും കമാൻഡ്-കൺട്രോൾ സംവിധാനങ്ങളും ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ആക്രമണ ഡ്രോണുകൾ എന്നിവ ഉപയോഗിച്ച് ലക്ഷ്യമാക്കിയതായി ഇറാൻ അവകാശപ്പെട്ടു.
സൗദി അറേബ്യയിലെ അമേരിക്കൻ കമ്പനികളുടെ രണ്ട് പെട്രോകെമിക്കൽ സമുച്ചയങ്ങൾ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചതായും, സൈനിക ഉപകരണങ്ങൾ എത്തിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഒരു ഇസ്രായേലി കണ്ടെയ്നർ കപ്പൽ കൃത്യമായി ലക്ഷ്യമിട്ടതായും ഇറാൻ വ്യക്തമാക്കി.
ഇതിനിടെ, ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിൽ യു.എസ് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന് പിന്നാലെയാണ് യു.എസിനെതിരെ ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകിയത്.














































