തെഹ്റാൻ: യു.എസ്-ഇറാൻ വെടിനിർത്തൽ ചർച്ചകൾ ധാരണയിലെത്താതെ അവസാനിക്കാൻ കാരണം മൂന്ന് നിർണായക വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ചർച്ചകളിൽ ഇരുരാജ്യങ്ങളും തങ്ങളുടെ നിർദ്ദേശങ്ങൾ പരസ്പരം അവതരിപ്പിച്ചിരുന്നുവെന്നും ചില വിഷയങ്ങളിൽ ധാരണയായെങ്കിലും മൂന്ന് പ്രധാന വിഷയങ്ങളിൽ ഭിന്നത തുടരുകയായിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു.
ഹുർമുസ് കടലിടുക്കിലെ ഇറാന്റെ നിയന്ത്രണം പൂർണമായി അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ തള്ളിക്കളഞ്ഞു. അതുപോലെ, യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കണമെന്ന നിർദ്ദേശവും ഇറാൻ അംഗീകരിച്ചില്ല. ലെബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന ആവശ്യത്തിലും ധാരണയിലെത്താനായില്ല.
അവിശ്വാസവും സംശയവും നിറഞ്ഞ അന്തരീക്ഷത്തിലാണ് ചർച്ചകൾ നടന്നതെന്നും, എങ്കിലും നയതന്ത്ര സാധ്യതകൾ അവസാനിച്ചിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള കരാറുകൾക്ക് മാത്രമേ ഇറാൻ തയ്യാറാകൂ എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ചർച്ചകൾ പുനഃരാരംഭിക്കുന്നതിനുള്ള സമയപരിധി ഇതുവരെ നിശ്ചയിച്ചിട്ടില്ല. “പന്ത് അമേരിക്കയുടെ കോർട്ടിലാണ്” എന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യു.എസ് മുന്നോട്ടുവെച്ച ആവശ്യങ്ങൾ യുക്തിസഹമല്ലെന്നും, യുദ്ധത്തിലൂടെ നേടാൻ കഴിയാത്തത് നയതന്ത്രത്തിലൂടെ നേടാൻ അമേരിക്ക ശ്രമിച്ചുവെന്നും ഇറാൻ ആരോപിച്ചു.
ഇസ്‌ലാമാബാദിൽ 21 മണിക്കൂറിനിടെ അഞ്ച് റൗണ്ട് ചർച്ചകൾ നടന്നിരുന്നു. എന്നാൽ യാതൊരു കരാറുമില്ലാതെ ചർച്ചകൾ അവസാനിച്ചു. തുടർന്ന് യു.എസ് വൈസ് പ്രസിഡൻറ് ജെ.ഡി വാൻസ് സംഘം മടങ്ങുന്നതായി പ്രഖ്യാപിച്ചിരുന്നു.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ ഹുർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണവിപണിയിലും വലിയ ആഘാതമുണ്ടായി. സമാധാന ശ്രമങ്ങൾ തുടരുകയാണെങ്കിലും ഭിന്നതകൾ നിലനിൽക്കുന്നത് ആശങ്ക ഉയർത്തുന്നു.






































