കോഴിക്കോട്: കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് 16-കാരനായ അദ്വൈത് മരിച്ചു. കൊരയങ്ങാട് സ്വദേശിയായ അദ്വൈത് വീടിനോട് ചേർന്ന ഗ്രൗണ്ടിൽ സുഹൃത്തുക്കളോടൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
യൂട്യൂബ് വീഡിയോ കണ്ടാണ് സ്റ്റീൽ പാത്രത്തിനടിയിൽ പടക്കം വെച്ച് പൊട്ടിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ഇത് നിയന്ത്രണം വിട്ട് വലിയ പൊട്ടിത്തെറിയായി മാറി. പൊട്ടിത്തെറിയിൽ സ്റ്റീൽ പാത്രം തകർന്നു ശരീരത്തിലേക്ക് തുളഞ്ഞുകയറുകയായിരുന്നു.
ആദ്യഘട്ടത്തിൽ ഗുണ്ട് കൈയിൽവെച്ച് പൊട്ടിയതാണെന്നാണ് വിവരം ലഭിച്ചിരുന്നത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ചാണ് ഗുരുതര പരിക്ക് സംഭവിച്ചതെന്ന് വ്യക്തമായത്. തോളിലൂടെയാണ് പാത്രഭാഗങ്ങൾ ശരീരത്തിലേക്ക് കയറിയത്.
അപകടത്തിന് പിന്നാലെ അദ്വൈതിനെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുവെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്ന വിദ്യാർത്ഥിയാണ് അദ്വൈത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.































