ഇസ്‌ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ലഘൂകരിക്കാൻ നയതന്ത്ര നീക്കങ്ങൾ സജീവമാകുന്നു. പാകിസ്താൻ ആതിഥേയത്വം വഹിച്ച ചർച്ചയിൽ തുർക്കിയ, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്തു. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറുമായാണ് കൂടിക്കാഴ്ച നടന്നത്.
ഇറാനെതിരായ അമേരിക്ക-ഇസ്രായേൽ സൈനിക നടപടികൾ അവസാനിപ്പിക്കാനും മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാനുമാണ് ഈ ഉന്നതതല യോഗത്തിന്റെ പ്രധാന ലക്ഷ്യം.
യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ ഗൾഫ് മേഖലയിലെ സമാധാനാന്തരീക്ഷം വീണ്ടെടുക്കാനുള്ള സംയുക്ത ശ്രമങ്ങളുടെ ഭാഗമായാണ് ചർച്ചകൾ പുരോഗമിക്കുന്നത്. സമുദ്ര വ്യാപാരത്തെ ബാധിച്ച ഹോർമുസ് പ്രതിസന്ധി പരിഹരിക്കാനും യോഗം മുൻഗണന നൽകുന്നു.
ചർച്ചകൾക്ക് മുന്നോടിയായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡൻറ് മസൂദ് പെസെഷ്കിയനുമായി ടെലിഫോൺ സംഭാഷണം നടത്തി. ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങളിലേക്കുള്ള ആക്രമണങ്ങളെ പാകിസ്ഥാൻ അപലപിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
മധ്യസ്ഥതയിലൂടെ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളെ ഇറാൻ സ്വാഗതം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിലൂടെ കൂടുതൽ പാകിസ്ഥാൻ കപ്പലുകൾക്ക് കടന്നുപോകാൻ അനുമതി നൽകിയതായും വിവരമുണ്ട്.
മേഖലയിലെ പ്രശ്നങ്ങൾക്ക് നയതന്ത്രപരമായ പരിഹാരങ്ങളാണ് ഏക മാർഗമെന്നും സമാധാന ചർച്ചകൾ തുടരുമെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.








































