റിയാദ്: ഹുർമൂസ് കടലിടുക്കിന്റെ സുരക്ഷയും സമുദ്ര ഗതാഗത സ്വാതന്ത്ര്യവും സംബന്ധിച്ച് നിർണായക ചർച്ച നടത്തി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
ഫോൺ സംഭാഷണത്തിനിടെ പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷാവസ്ഥ ആഗോള സമ്പദ്‌വ്യവസ്ഥയെയും സമുദ്ര സുരക്ഷയെയും ബാധിക്കുമെന്ന ആശങ്ക ഇരുനേതാക്കളും പങ്കുവെച്ചു. പ്രത്യേകിച്ച് ഹുർമൂസ് കടലിടുക്ക് വഴി നടക്കുന്ന കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അവർ ചൂണ്ടിക്കാട്ടി.
സൗദി അറേബ്യയുടെ പരമാധികാരത്തിന് ഭീഷണിയാകുന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള വ്യാപാരത്തിന്റെ പ്രധാന നാഡിയായ സമുദ്ര പാതകൾ തടസ്സമില്ലാതെ തുറന്നുനിൽക്കണം എന്ന കാര്യത്തിൽ ഇരുരാജ്യങ്ങളും ഒരേ നിലപാട് സ്വീകരിച്ചു. ഹുർമൂസ് കടലിടുക്ക് പോലുള്ള തന്ത്രപ്രധാന പാതകളുടെ സുരക്ഷ ലോകസ്ഥിരതയ്ക്കും അത്യാവശ്യമാണെന്ന് സംഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.
ഇതിനൊപ്പം, സൗദിയിലെ ഇന്ത്യൻ സമൂഹത്തിന് ലഭിക്കുന്ന പിന്തുണയ്ക്കും ക്ഷേമ നടപടികൾക്കും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.







































