മോസ്കോ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ ഇറാന് പൂർണ പിന്തുണ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. മോസ്കോ സന്ദർശനത്തിനെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ചിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ നിലപാട് വ്യക്തമാക്കിയത്.
റഷ്യയുടെ ഉറച്ച പിന്തുണയ്ക്ക് ഇറാൻ നന്ദി രേഖപ്പെടുത്തി. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാൻ റഷ്യ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പുടിൻ ഉറപ്പുനൽകി. “പ്രദേശത്തെ ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ച് സമാധാനം ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കും” എന്ന് അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെ സമ്മർദ്ദങ്ങളെയും ഭീഷണികളെയും ഇറാൻ നേരിടുമെന്ന് അബ്ബാസ് അരാക്ച്ചി പറഞ്ഞു. പ്രതിസന്ധികളെ അതിജീവിക്കാൻ ഇറാൻ ജനതക്ക് കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അമേരിക്കക്കെതിരായ നിലപാട് തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
റഷ്യയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുമെന്നും ഇരുരാജ്യങ്ങളും നയതന്ത്ര തലത്തിൽ സഹകരണം വർധിപ്പിക്കുമെന്നും വിലയിരുത്തുന്നു. ഒമാനും പാകിസ്താനും സന്ദർശിച്ചതിന് ശേഷമാണ് അരാക്ച്ചി മോസ്കോയിലെത്തിയത്.
നിലവിലെ വെടിനിർത്തൽ സാധ്യതകളും പുതിയ നയതന്ത്ര നീക്കങ്ങളും ഇരുനേതാക്കളും വിലയിരുത്തി. മധ്യസ്ഥ ശ്രമങ്ങളിൽ റഷ്യയുടെ പങ്ക് നിർണായകമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇതിനോടകം ഇറാൻ ഈജിപ്ത്, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.










































