ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. കോടിക്കണക്കിന് വരുന്ന വിശ്വാസിസമൂഹം നൂറ്റാണ്ടുകാലമായി പിന്തുടരുന്ന ആചാരം തെറ്റാണെന്ന് വിധിക്കാൻ കോടതിക്ക് എങ്ങനെ കഴിയുമെന്ന് ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.
യുവതീ പ്രവേശന വിലക്ക് തുടരണമെന്ന് ആഗ്രഹിക്കുന്നവരുടെ ഭാഗം കേൾക്കാതെ വിലക്ക് റദ്ദാക്കാൻ കഴിയുമോയെന്ന് ഒമ്പതംഗ ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എം.എം. സുന്ദരേശ് ആരാഞ്ഞു. മതപരമായ ആചാരങ്ങൾ നിയമനിർമാണത്തിലൂടെ മാറ്റാൻ പറ്റുന്നതല്ലെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി നിരീക്ഷിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ Abhishek Manu Singhvi, ശബരിമലയിൽ നിലവിലുള്ള ആചാരങ്ങൾ വിശ്വാസപരമാണെന്നും ജുഡീഷ്യൽ ഇടപെടൽ പാടില്ലെന്നും വാദിച്ചു. ശബരിമലയിൽ മാത്രം നിലനിൽക്കുന്ന ഈ ആചാരം പ്രത്യേക മതപരമായ പ്രാധാന്യമുള്ളതാണെന്നും, അവിടുത്തെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 25(2) (ബി) വകുപ്പും 26(ബി) വകുപ്പും വ്യാഖ്യാനിക്കുമ്പോൾ പരസ്പര സന്തുലനം വേണം. 25ാം വകുപ്പ് ഓരോ വ്യക്തിക്കും മതസ്വാതന്ത്ര്യം അനുവദിക്കുമ്പോൾ, 26ാം വകുപ്പ് മതകാര്യങ്ങൾ നിയന്ത്രിക്കാൻ അതത് മതസ്ഥാപനങ്ങൾക്ക് അധികാരം നൽകുന്നതാണെന്നും സിങ്വി ചൂണ്ടിക്കാട്ടി.
രാജ്യത്തെ ആയിരത്തിലധികം അയ്യപ്പ ക്ഷേത്രങ്ങളിൽ ശബരിമലയില്‍ മാത്രമാണ് യുവതീ പ്രവേശന വിലക്ക് ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയ അഭിഭാഷകൻ ശബരിമലയിലെ അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും, നിലവിലെ ആചാരങ്ങളില്‍ ജുഡീഷ്യല്‍ ഇടപെടൽ പാടില്ലെന്നും വാദിച്ചു. ഏത് ആചാരമാണ് അനിവാര്യമെന്നും ഏതൊക്കെ ആചാരങ്ങൾ അനിവാര്യമല്ലെന്നും കോടതി തീരുമാനിക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയുടെ അന്തിമ വിധി രാജ്യത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.








































