യൂണിയൻ പ്ലെഡ്ജ് ദിനത്തിൽ സാംസ്കാരിക, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിലെ ഷാർജയുടെ വികസന മാതൃക വ്യക്തമാക്കി അഹമ്മദ് ഉബൈദ് അൽ ഖസീർ.
ഷാർജ, 18 ജൂലൈ 2026:യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ആഗോള സാമ്പത്തിക വളർച്ചയുടെയും വികസനത്തിന്റെയും അടിസ്ഥാനം മനുഷ്യവിഭവശേഷിയിലും ദീർഘകാല സുസ്ഥിര ആസൂത്രണത്തിലുമുള്ള നിക്ഷേപമാണെന്ന് ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഷുറൂഖ്) സിഇഒ അഹമ്മദ് ഉബൈദ് അൽ ഖസീർ പ്രസ്താവിച്ചു. ദേശീയ യൂണിയൻ പ്ലെഡ്ജ് ദിനത്തോടനുബന്ധിച്ച് സംസാരിക്കവേയാണ്, എമിറേറ്റുകൾ തമ്മിലുള്ള ശക്തമായ കൂട്ടായ്മ രാജ്യത്തെ ഭാവി വെല്ലുവിളികളെ നേരിടാൻ പ്രാപ്തമാക്കിയതായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
താൽക്കാലിക നേട്ടങ്ങൾക്കപ്പുറം മനുഷ്യകേന്ദ്രീകൃതമായ വികസനത്തിനാണ് യുഎഇ അതിന്റെ തുടക്കം മുതൽ മുൻഗണന നൽകിയിട്ടുള്ളത്. ഭരണാധികാരികളുടെ ഈ ദീർഘവീക്ഷണം പൗരന്മാരുടെയും താമസക്കാരുടെയും ജീവിതനിലവാരം ഉയർത്തുന്നതിനും രാജ്യത്തെ ആഗോള ബിസിനസ്-ടൂറിസം ഹബ്ബാക്കി മാറ്റുന്നതിനും വഴിയൊരുക്കി.
യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടുകൾ ഈ ഫെഡറൽ തത്വങ്ങളെ കൂടുതൽ കരുത്തുറ്റതാക്കുന്നു. സംസ്‌കാരം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക വൈവിധ്യവൽക്കരണം എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു സമഗ്ര വികസന ശൈലിയാണ് ഷാർജ നടപ്പിലാക്കുന്നത്.
ഹെറിറ്റേജ് പ്രൊജക്ടുകൾ, ആധുനിക അടിസ്ഥാന സൗകര്യ വികസനം, ഹോസ്പിറ്റാലിറ്റി മേഖല എന്നിവയിലൂടെ ഷുറൂഖ് ഈ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കുകയാണ്. ഷാർജയുടെ സനതനമായ സാംസ്കാരിക തനിമ നിലനിർത്തിക്കൊണ്ടുതന്നെ അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കാൻ അതോറിറ്റിക്ക് സാധിക്കുന്നുണ്ട്. എണ്ണയിതര വരുമാന സ്രോതസ്സുകൾ വിപുലീകരിക്കുക എന്ന യുഎഇയുടെ ദേശീയ നയത്തിന് ഇത് വലിയ പിന്തുണയാണ് നൽകുന്നത്.
ഏഴ് എമിറേറ്റുകളുടെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് രാജ്യത്തിന്റെ മുന്നേറ്റത്തിന്റെ കരുത്ത്. സാംസ്കാരിക പുരോഗതിയിലും സുസ്ഥിര സാങ്കേതികവിദ്യയിലും ഊന്നിനിന്നുകൊണ്ട് ഷാർജ കൈവരിക്കുന്ന നേട്ടങ്ങൾ രാജ്യത്തിന്റെ പൊതുവായ സാമ്പത്തിക ഭദ്രതയെ ശക്തിപ്പെടുത്തുന്നു. ബിസിനസുകൾക്ക് മികച്ച വളർച്ചാ സാഹചര്യവും ജനങ്ങൾക്ക് സുരക്ഷിതമായ ജീവിതസാഹചര്യവും ഒരുക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
ആഗോളതലത്തിൽ ഡിജിറ്റൽ സംവിധാനങ്ങൾക്കും ഹരിത ഊർജ്ജത്തിനും പ്രാധാന്യം ഏറിവരുന്ന സാഹചര്യത്തിൽ, യുഎഇയുടെ മുൻകൂട്ടിയുള്ള ആസൂത്രണം വലിയ വിപണി സാധ്യതകളാണ് തുറന്നുനൽകുന്നത്. വിദേശ നിക്ഷേപങ്ങൾക്ക് അനുകൂലമായ നിയമനിർമ്മാണങ്ങളും നൂതനമായ വിദ്യാഭ്യാസ രീതികളും വഴി ലോകത്തെ ഏറ്റവും സുരക്ഷിതവും പുരോഗതി പ്രാപിച്ചതുമായ സമ്പദ്‌വ്യവസ്ഥയായി മാറാൻ യുഎഇക്ക് സാധിക്കുന്നു.
















