വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നാറ്റോ സഖ്യത്തെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. നാറ്റോ അമേരിക്കയെ മുൻപ് സഹായിച്ചിട്ടില്ലെന്നും ഭാവിയിലും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ട്രംപ് തുറന്നടിച്ചു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് പ്രതികരണം നടത്തിയത്. “നാറ്റോ നമുക്കൊപ്പം ഉണ്ടായിരുന്നില്ല, ഭാവിയിൽ ഉണ്ടാവുകയുമില്ല. യൂറോപ്പിനെ സംരക്ഷിക്കാൻ അമേരിക്ക ട്രില്യൺ കണക്കിന് ഡോളർ ചെലവഴിക്കുന്നു. എന്നാൽ നമ്മുടെ ആവശ്യഘട്ടങ്ങളിൽ അവർ കൂടെയില്ല,” എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്.
നാറ്റോ അംഗരാജ്യങ്ങൾ അവരുടെ പ്രതിരോധ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്നും, അമേരിക്കയുടെ മേൽ അനാവശ്യ സാമ്പത്തികഭാരം ചുമത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇറാനുമായുള്ള നിലവിലെ സംഘർഷത്തിൽ നാറ്റോയുടെ പിന്തുണ ലഭിക്കാത്തതിലുള്ള അതൃപ്തിയാണ് ട്രംപിന്റെ പ്രസ്താവനയിൽ പ്രതിഫലിക്കുന്നത്.
നാറ്റോയെ “പേപ്പർ കടുവ”യെന്ന് വിശേഷിപ്പിച്ച് ട്രംപ് നേരത്തെയും വിമർശിച്ചിരുന്നു. അമേരിക്കയെ നാറ്റോയിൽ നിന്ന് പിൻവലിക്കുമെന്ന് പലതവണ അദ്ദേഹം ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും, അതിനായി യു.എസ് സെനറ്റിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷമോ കോൺഗ്രസിന്റെ പ്രത്യേക നിയമമോ ആവശ്യമാണ്.
അതേസമയം, സഖ്യത്തിൽ നിന്ന് ഔദ്യോഗികമായി പിന്മാറാതെയും ചില പ്രതിരോധ ബാധ്യതകളിൽ നിന്ന് വിട്ടുനിൽക്കാൻ അമേരിക്കക്ക് കഴിയും. യൂറോപ്പിൽ വിന്യസിച്ചിരിക്കുന്ന ഏകദേശം 84,000 അമേരിക്കൻ സൈനികരെ പിൻവലിക്കാനുള്ള അധികാരവും പ്രസിഡന്റിന് ഉണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.
പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ട്രംപിന്റെ പുതിയ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. നാറ്റോ അംഗരാജ്യങ്ങൾ പ്രതിരോധ ചെലവ് വർധിപ്പിക്കണമെന്ന തന്റെ പഴയ ആവശ്യം ട്രംപ് വീണ്ടും ആവർത്തിക്കുകയും ചെയ്തു.















































