ദുബൈ: ഇറാനിൽ നിന്ന് ഞായറാഴ്ച വിക്ഷേപിച്ച മിസൈലുകളും ഡ്രോണുകളും യു.എ.ഇ വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം ഒമ്പത് ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂസ് മിസൈലും 50 ഡ്രോണുകളും തകർത്തു.
സംഭവത്തിൽ കഴിഞ്ഞ മണിക്കൂറുകളിൽ മരണങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതിവേഗ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കാൻ കാരണമായതെന്നാണ് വിലയിരുത്തൽ.
ഇതിനിടെ, ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷം യു.എ.ഇയുടെ പ്രതിരോധ സംവിധാനങ്ങൾ നടത്തിയ ഇടപെടലുകളുടെ കണക്കുകളും പുറത്തുവന്നു. ഇതുവരെ 507 ബാലിസ്റ്റിക് മിസൈലുകളും 24 ക്രൂസ് മിസൈലുകളും 2191 ഡ്രോണുകളും തകർത്തതായി മന്ത്രാലയം അറിയിച്ചു.
അതേസമയം, തുടർച്ചയായ ആക്രമണങ്ങളിൽ ഇതുവരെ 10 പൗരന്മാരും മൂന്ന് സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. 217 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ സായുധ സേന പൂർണ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏത് ഭീഷണിയേയും ശക്തമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ.
ഇതോടെ, മേഖലയിലെ സംഘർഷം തുടരുന്നതിനിടയിലും യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.









































