യുവ മാധ്യമ പ്രതിഭകൾക്ക് പരിശീലനവും അവസരങ്ങളും ഉറപ്പാക്കാനും സംയുക്ത പദ്ധതികൾ രൂപീകരിക്കാനും ദോഹയിൽ ഉന്നതതല ചർച്ച
ദോഹ, ഖത്തർ — യുഎഇയും ഖത്തറും തമ്മിലുള്ള മാധ്യമ സഹകരണം വിപുലമാക്കുന്നതിന്റെ ഭാഗമായി ദുബായ് പ്രസ് ക്ലബ് ഡയറക്ടർ മറിയം അൽ മുല്ല ഖത്തറിലെ വിവിധ മാധ്യമ സ്ഥാപന മേധാവികളുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഔദ്യോഗിക ചർച്ച നടത്തി.
ദുബായ് പ്രസ് ക്ലബ് പ്രതിനിധി സംഘം ദോഹയിൽ നടന്ന ‘സിഎൻഎൻ ഗ്ലോബൽ പെർസ്പെക്റ്റീവ്സ് ദോഹ 2026’ പരിപാടിയിൽ പങ്കെടുത്തു. മേഖലയിലെ മാധ്യമ രംഗത്ത് പുതിയ സഹകരണ സാധ്യതകൾ കണ്ടെത്തുക, പരസ്പര വൈദഗ്ധ്യവും അനുഭവങ്ങളും പങ്കിടുക, സുസ്ഥിരമായ മാധ്യമ പങ്കാളിത്തങ്ങൾ സ്ഥാപിക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു സന്ദർശനം.
ഖത്തർ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് ഡയറക്ടർ ശൈഖ് ജാസിം ബിൻ മൻസൂർ ബിൻ ജബോർ അൽ താനിയുമായി മറിയം അൽ മുല്ല കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത മാധ്യമ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നത് ചർച്ചയായി. വാർത്താവിനിമയ രംഗത്തേക്ക് കടന്നുവരുന്ന യുവ മാധ്യമപ്രവർത്തകരെ കണ്ടെത്തുന്നതിനും അവർക്ക് രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനവും അവസരങ്ങളും ലഭ്യമാക്കുന്നതിനുമുള്ള പദ്ധതികൾക്ക് യോഗം പ്രാമുഖ്യം നൽകി.
ഖത്തറിലെ യുഎഇ അംബാസഡർ സഈദ് അബ്ദുല്ല അൽ ഖംസിയുടെ സാന്നിധ്യത്തിലായിരുന്നു ഉഭയകക്ഷി കൂടിക്കാഴ്ച നടന്നത്.
ഗൾഫ് മേഖലയിലെ മാധ്യമ രംഗത്തെ നവീകരിക്കാനും പുത്തൻ തലമുറയിലെ വാർത്താവിനിമയ വിദഗ്ധരുടെ പ്രഫഷണൽ മികവ് ഉയർത്താനും ലക്ഷ്യമിട്ടാണ് ഇരുരാജ്യങ്ങളും സംയുക്ത നീക്കങ്ങൾ നടത്തുന്നത്.










