ചരക്കുനീക്കവും ഊർജ വിനിമയവും വേഗത്തിലാക്കാൻ റിയാദിൽ ധാരണാപത്രം ഒപ്പുവെച്ചു; വിശദമായ സാധ്യതാ പഠനങ്ങൾ ഉടൻ
റിയാദ് : ഗൾഫിലെ രണ്ട് പ്രമുഖ സാമ്പത്തിക ശക്തികളായ യുഎഇയും സൗദി അറേബ്യയും തമ്മിൽ അതിർത്തി കടന്നുള്ള റെയിൽവേ പാതയും സംയുക്ത വൈദ്യുതി ഗ്രിഡും സ്ഥാപിക്കാൻ ധാരണയായി. റിയാദിൽ നടന്ന ഔദ്യോഗിക ചടങ്ങിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണ കരാർ ഒപ്പുവെച്ചത്.
യുഎഇ നിക്ഷേപകാര്യ മന്ത്രി മുഹമ്മദ് ഹസ്സൻ അൽ സുവൈദിയും സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനുമാണ് കരാറിൽ ഒപ്പുവെച്ചത്. ഗതാഗത, ലോജിസ്റ്റിക്സ്, ഊർജ മേഖലകളിൽ പരസ്പര സഹകരണം ശക്തമാക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.
കരാർ പ്രകാരം ഇരുരാജ്യങ്ങളിലെയും റെയിൽ ശൃംഖലകൾ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള സാങ്കേതിക, സാമ്പത്തിക സാധ്യതാ പഠനങ്ങൾ സംയുക്തമായി നടത്തും. യുഎഇയുടെ എത്തിഹാദ് റെയിലും സൗദിയുടെ ദേശീയ റെയിൽ ശൃംഖലയും തമ്മിൽ യോജിപ്പിക്കുന്നതോടെ അതിർത്തി കടന്നുള്ള ചരക്കുനീക്കം സുഗമമാകും. വ്യാവസായിക മേഖലകൾ തമ്മിലുള്ള ബന്ധം ദൃഢമാകുന്നതിനൊപ്പം റോഡ് വഴിയുള്ള ഗതാഗതക്കുരുക്കും ചരക്കുകടത്ത് ചെലവും ഗണ്യമായി കുറക്കാൻ ഇതിലൂടെ സാധിക്കും.
റെയിൽവേ ശൃംഖലക്ക് പുറമെ, വൈദ്യുതി ഗ്രിഡുകൾ തമ്മിൽ ബന്ധിപ്പിച്ച് അധിക വൈദ്യുതി പരസ്പരം വാങ്ങാനും വിൽക്കാനുമുള്ള പദ്ധതികളും ധാരണാപത്രത്തിലുണ്ട്. ഊർജ കൈമാറ്റത്തിന്റെ സാമ്പത്തിക, പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ച് പ്രത്യേക പഠനങ്ങൾ നടത്തും. നിലവിലുള്ള ജിസിസി ഇന്റർകണക്ഷൻ അതോറിറ്റിയുടെ ഗ്രിഡ് വിപുലീകരിക്കുന്നതിനും സഹകരണം കൂടുതൽ കരുത്തുപകരും.
വേനൽക്കാലത്തെ ഉയർന്ന വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാനും, ഇരുരാജ്യങ്ങളിലും ഉൽപ്പാദിപ്പിക്കുന്ന സൗരോർജം കാര്യക്ഷമമായി പങ്കിടാനും ഈ പദ്ധതി സഹായകരമാകും. പുതിയ പദ്ധതികളുടെ രൂപരേഖ തയാറാക്കുന്നതിനായി ഇരുരാജ്യങ്ങളിലെയും സാങ്കേതിക സമിതികൾ വരുംമാസങ്ങളിൽ യോഗം ചേരും.










