വാഷിങ്ടൺ: പശ്ചിമേഷ്യയെ ആശങ്കയിലാക്കികും ആഗോള ഊർജ്ജ വിപണിയെ സ്തംഭിപ്പിച്ചും നാല് മാസത്തോളമായി തുടർന്നുവന്ന യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും തമ്മിൽ ധാരണാപത്രത്തിൽ (MOU) ഒപ്പിട്ടു. അമേരിക്കയ്ക്കായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ധാരണാപത്രത്തിൽ ഒപ്പിട്ടപ്പോൾ, ഇറാന് വേണ്ടി പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗർ ഖാലിബാഫാണ് ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ഒപ്പുവയ്ക്കൽ ചടങ്ങ് വരുന്ന വെള്ളിയാഴ്ച നടക്കും.
കഴിഞ്ഞ ഫെബ്രുവരിയിൽ യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തെ തുടർന്നാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. തുടർന്ന് പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാവുകയും അന്താരാഷ്ട്ര സമൂഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ആഗോള എണ്ണ-വാതക വിതരണത്തിന്റെ സുപ്രധാന ചരക്കുപാതയായ ഹോർമുസ് കടലിടുക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറാൻ അടച്ചിട്ടിരിക്കുകയായിരുന്നു. ഇതുമൂലം ആഗോള ഊർജ്ജ വിപണിയിൽ വലിയ അനിശ്ചിതത്വം നിലനിന്നിരുന്നു. പുതിയ ധാരണാപത്രം പ്രാബല്യത്തിൽ വരുന്നതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഉടൻ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. ഘട്ടംഘട്ടമായി പൂർണ തോതിൽ ചരക്കുനീക്കം പുനഃസ്ഥാപിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.














































