ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് പരിപാടിയിൽ നടന്ന വെടിവയ്പ്പിനെ അപലപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിൽ അക്രമത്തിന് യാതൊരു സ്ഥാനവുമില്ലെന്നും ഇത്തരം സംഭവങ്ങളെ നിസ്സംശയം അപലപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ട്രംപ്, പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് എന്നിവർ സുരക്ഷിതരാണെന്നത് ആശ്വാസകരമാണെന്നും അവരുടെ ക്ഷേമത്തിനായി ആശംസകൾ നേർന്നതായും മോദി വ്യക്തമാക്കി.
വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് ഒരുക്കിയ അത്താഴ വിരുന്നിനിടെയായിരുന്നു വെടിവെപ്പ്. വെടിയൊച്ച കേട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ വേദി വളഞ്ഞ് ട്രംപിനെയും മറ്റു പ്രമുഖരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് ഹിൽട്ടൻ ഹാളിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നു. വെടിയൊച്ച കേട്ടതോടെ അതിഥികൾ മേശകൾക്ക് താഴെ അഭയം തേടിയതായും റിപ്പോർട്ടുണ്ട്.
സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. തോക്കുധാരിയെ കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
വെടിവെപ്പിന് പിന്നാലെ പരിപാടി താത്കാലികമായി നിർത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. ട്രംപ് വീണ്ടും വേദിയിലേക്ക് മടങ്ങാൻ ശ്രമിച്ചെങ്കിലും സുരക്ഷാ കാരണങ്ങളാൽ ഉദ്യോഗസ്ഥർ അനുവദിച്ചില്ല.







































