കയ്റോ:തെക്കൻ ഗാസയിലെ ഡസൻകണക്കിന് പലസ്തീൻ കുടുംബങ്ങൾക്ക് ഉടൻ ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം നിർദേശം നൽകി. 2025 ഒക്ടോബർ 10-ന് ഹമാസുമായി വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള ഗാസയിലെ ആദ്യ നിർബന്ധിത ഒഴിപ്പിക്കലാണിത്.കിഴക്കൻ ഖാൻ യൂനിസ് ഗവർണറേറ്റിലെ ബാനി സുഹൈല പ്രദേശത്തെ കുടുംബങ്ങളോടാണ് ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്രയേൽ പ്രതിരോധസേന (ഐഡിഎഫ്) തിങ്കളാഴ്ച വ്യോമമാർഗം ലഘുലേഘകൾ വിതറി ഒഴിപ്പിക്കൽ ഉത്തരവ് അറിയിക്കുകയായിരുന്നു. ഐഡിഎഫ് നിയന്ത്രണത്തിലുള്ള മേഖലയാണിതെന്നും അടിയന്തരമായി പ്രദേശം വിട്ടുപോകണമെന്നുമാണ് ലഘുലേഘകളിൽ വ്യക്തമാക്കുന്നത്.ഏകദേശം 70 കുടുംബങ്ങളിലായി 3000ഓളം പലസ്തീനികൾ ഈ മേഖലയിൽ താമസിക്കുന്നുണ്ട്. രണ്ടുവർഷമായി തുടരുന്ന ഇസ്രയേൽ–ഹമാസ് യുദ്ധത്തിൽ വീടുകൾ തകർന്നതിനെ തുടർന്ന് അഭയാർഥി കൂടാരങ്ങളിലാണ് ഇവരിൽ ഭൂരിഭാഗവും കഴിയുന്നത്.ഗാസയിലെ ഇസ്രയേൽ നിയന്ത്രിത മേഖലകൾ ഐഡിഎഫ് വ്യാപിപ്പിക്കുകയാണെന്ന് ഗാസാനിവാസികളും ഹമാസും ആരോപിച്ചു. എന്നാൽ വിഷയത്തിൽ ഇസ്രയേൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.വെടിനിർത്തൽ നിലവിൽ വന്നപ്പോൾ ഇസ്രയേൽ നിയന്ത്രണത്തിലുള്ള മേഖലയുടെയും ഗാസയുടെയും അതിർത്തിയായി ‘മഞ്ഞരേഖ’ നിശ്ചയിച്ചിരുന്നുവെങ്കിലും, കഴിഞ്ഞ മാസം മുതൽ ഈ രേഖ ഗാസയ്ക്കുള്ളിലേക്ക് നീങ്ങിയതായി നാട്ടുകാർ പറയുന്നു. ഇത് അഞ്ചാം തവണയാണ് സൈന്യം നിയന്ത്രിത മേഖല വികസിപ്പിക്കുന്നതെന്നും ഓരോ ഘട്ടത്തിലും 120 മുതൽ 150 മീറ്റർ വരെ പ്രദേശം സൈന്യം കൈവശപ്പെടുത്തിയതായും ആരോപണമുണ്ട്. ഈ നടപടികളുടെ ഫലമായി ഏകദേശം 9000 പലസ്തീനികൾ കുടിയൊഴിപ്പിക്കപ്പെട്ടുവെന്ന് ഹമാസ് അറിയിച്ചു.സുസ്ഥിര വെടിനിർത്തൽ, ഗാസയുടെ പുനർനിർമാണം, ഹമാസിന്റെ നിരായുധീകരണം എന്നിവ ലക്ഷ്യമിട്ട് യുഎസ് ‘ബോർഡ് ഓഫ് പീസ്’ എന്ന അന്താരാഷ്ട്ര കൂട്ടായ്മ രൂപീകരിക്കുകയും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തിരിക്കുന്നതിനിടെയാണ് പുതിയ ഒഴിപ്പിക്കൽ നടപടി. എന്നാൽ ബോർഡ് ഓഫ് പീസിനെ ഇസ്രയേൽ അംഗീകരിച്ചിട്ടില്ല.യുഎസ് നിർദേശിച്ച 20 ഇന സമാധാനപദ്ധതിയുടെ ഭാഗമായി ഒക്ടോബർ 10-നാണ് ആദ്യഘട്ട വെടിനിർത്തൽ നിലവിൽ വന്നത്. കരാർ വ്യവസ്ഥകൾ പ്രകാരം ഹമാസും ഇസ്രയേലും ബന്ദികളെയും ആനുപാതികമായ പലസ്തീൻ തടവുകാരെയും മോചിപ്പിച്ചിരുന്നു. എങ്കിലും ഹമാസ് വെടിനിർത്തൽ ലംഘിച്ചുവെന്നാരോപിച്ച് ഇസ്രയേൽ നടത്തിയ വിവിധ ആക്രമണങ്ങളിൽ 400-ലധികം പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.









































