ദുബായ്: ചൈനയിലെ മക്കാവുവിൽ നടന്ന വേൾഡ് ട്രാവൽ സിംപോസിയം 2026ൽ ദുബായിയുടെ സുഗമയാത്രാ മാതൃക അവതരിപ്പിച്ച് ജി.ഡി.ആർ.എഫ്.എ ദുബായ്. അതിർത്തിസുരക്ഷ ഉറപ്പാക്കി യാത്രാനടപടികൾ വേഗത്തിലും സുഗമമായും പൂർത്തിയാക്കാൻ സഹായിക്കുന്ന ഡിജിറ്റൽ സംവിധാനങ്ങളും നൂതന പ്രവർത്തനരീതികളുമാണ് പ്രതിനിധിസംഘം പങ്കുവെച്ചത്.
ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (അയാട്ട) ഒക്ടോബർ 28, 29 തീയതികളിൽ സംഘടിപ്പിച്ച സംഗമത്തിൽ വിവിധ രാജ്യങ്ങളിലെ സർക്കാർ പ്രതിനിധികളും വിമാനക്കമ്പനികളും വ്യോമയാന–യാത്രാമേഖലയിലെ പ്രമുഖരും പങ്കെടുത്തു. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി യാത്രക്കാരുടെ നീക്കം കാര്യക്ഷമമാക്കുന്നതിലും സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിലും ദുബായ് കൈവരിച്ച മുന്നേറ്റങ്ങൾ സംഘം വിശദീകരിച്ചു.


ആഗോള യാത്രാമേഖല നേരിടുന്ന പൊതുവായ വെല്ലുവിളികൾക്ക് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നതിൽ പങ്കാളിയാകുകയാണ് ഇത്തരം അന്താരാഷ്ട്ര വേദികളിലെ പങ്കാളിത്തത്തിന്റെ ലക്ഷ്യമെന്ന് ജി.ഡി.ആർ.എഫ്.എ ദുബായ് വിമാനത്താവളകാര്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അഹ്മദ് അൽ ശൻഖിതി പറഞ്ഞു.സർക്കാർ സംവിധാനങ്ങളും വിമാനക്കമ്പനികളും അന്താരാഷ്ട്ര പങ്കാളികളും കൂടുതൽ അടുത്ത് പ്രവർത്തിക്കുന്നതിലാണ് യാത്രാമേഖലയുടെ ഭാവി. അതിർത്തിസുരക്ഷ, നടപടികളുടെ കാര്യക്ഷമത, യാത്രാനുഭവത്തിന്റെ നിലവാരം എന്നിവ ഒരുമിച്ച് ഉറപ്പാക്കുന്ന നൂതന പരിഹാരങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജി.ഡി.ആർ.എഫ്.എയുടെ സംഘങ്ങൾ വികസിപ്പിച്ച മികച്ച പ്രവർത്തനരീതികളും പരിഹാരങ്ങളും ലോകവുമായി പങ്കുവെക്കുന്നതിനൊപ്പം, മറ്റു രാജ്യങ്ങളുടെ അനുഭവങ്ങളിൽനിന്ന് പഠിച്ച് സേവനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തുമെന്നും അൽ ശൻഖിതി പറഞ്ഞു. യാത്രക്കാരുടെ പ്രതീക്ഷകൾക്കപ്പുറമുള്ള സേവനം നൽകാനും സുഗമയാത്രയുടെ ആഗോള കേന്ദ്രമെന്ന ദുബായിയുടെ സ്ഥാനം ശക്തിപ്പെടുത്താനുമാണ് ഈ ശ്രമങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിംപോസിയത്തോടനുബന്ധിച്ച് നടന്ന കൺട്രോൾ അതോറിറ്റീസ് വർക്കിങ് ഗ്രൂപ്പിന്റെ (സി.എ.ഡബ്ല്യു.ജി) പതിവുയോഗത്തിലും പ്രതിനിധിസംഘം പങ്കെടുത്തു. സർക്കാർ സ്ഥാപനങ്ങൾ, വിമാനക്കമ്പനികൾ, യാത്രാനടപടികളും അതിർത്തി നിയന്ത്രണവും കൈകാര്യം ചെയ്യുന്ന അധികൃതർ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ അന്താരാഷ്ട്ര യാത്രയിലെ പ്രധാന വെല്ലുവിളികൾ ചർച്ച ചെയ്തു. നടപടികൾ ലളിതമാക്കുന്നതിനും ബന്ധപ്പെട്ട സംവിധാനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനുമുള്ള സാധ്യതകളും പരിശോധിച്ചു.

യാത്രാനുഭവം മെച്ചപ്പെടുത്താനും ആഗോള യാത്രാസംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനുമായി അയാട്ടയ്ക്ക് സമർപ്പിച്ച പ്രവർത്തനരേഖകളും ശുപാർശകളും യോഗം അവലോകനം ചെയ്തു. അതിർത്തി നിയന്ത്രണം, ഡിജിറ്റൽ പരിവർത്തനം എന്നീ മേഖലകളിൽ രാജ്യാന്തര പങ്കാളിത്തവും അറിവിന്റെ കൈമാറ്റവും വിപുലപ്പെടുത്തുന്നതിനും സംഗമം വേദിയായി.മേജർ ജനറൽ തലാൽ അഹ്മദ് അൽ ശൻഖിതിക്കൊപ്പം ഇൻസ്റ്റിറ്റ്യൂഷണൽ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ മേജർ ഹാഷിം അബ്ദുൽറസാഖ് അൽ ഹാഷിമി, സ്മാർട്ട് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലെ സെക്യൂരിറ്റി ലീഡർഷിപ്പ് ആൻഡ് പ്രോആക്റ്റീവ്‌നെസ് വിഭാഗം മേധാവി ക്യാപ്റ്റൻ അബ്ദുല്ല അലി അൽ കമാലി എന്നിവരും പ്രതിനിധിസംഘത്തിലുണ്ടായിരുന്നു.










