മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യം ഐസിസി തള്ളി; പകരം സ്കോട്‌ലൻഡ് ലോകകപ്പിൽധാക്ക: ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് ബംഗ്ലദേശ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടീമിന്റെ മത്സരങ്ങൾ ഇന്ത്യയിൽനിന്ന് മാറ്റണമെന്ന ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന്റെ (BCB) ആവശ്യം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ICC) പരിഗണിക്കാത്തതിനെ തുടർന്നാണ് ഈ തീരുമാനം.കഴിഞ്ഞ ദിവസം ചേർന്ന ഐസിസി ബോർഡ് യോഗത്തിൽ ബംഗ്ലദേശിന്റെ ആവശ്യം വോട്ടിനിട്ട് തള്ളുകയായിരുന്നു. തീരുമാനം അറിയിക്കാൻ ബംഗ്ലദേശിന് 24 മണിക്കൂർ സമയം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലോകകപ്പ് കളിക്കില്ലെന്ന നിലപാട് ബംഗ്ലദേശ് വ്യക്തമാക്കിയത്.തീരുമാനം പ്രഖ്യാപിക്കുന്നതിനു മുൻപ് ബംഗ്ലദേശ് താരങ്ങളുമായും കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുലുമായും ബിസിബി ഉദ്യോഗസ്ഥർ ചർച്ച നടത്തി. ബംഗ്ലദേശ് പിന്മാറിയതോടെ, റാങ്കിങ് അടിസ്ഥാനത്തിൽ സ്കോട്‌ലൻഡ് ട്വന്റി20 ലോകകപ്പിന് യോഗ്യത നേടും.മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബംഗ്ലദേശിന്റെ പ്രധാന ആവശ്യം. ഇന്ത്യയിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന ബംഗ്ലദേശ് ബോർഡിന്റെ ആരോപണത്തിന് പാക്കിസ്ഥാൻ മാത്രമാണ് ഐസിസി യോഗത്തിൽ പിന്തുണ നൽകിയത്.രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽ ഒറ്റപ്പെട്ട സാഹചര്യത്തിലാണ് മത്സരിക്കില്ലെന്ന തീരുമാനം ബംഗ്ലദേശ് എടുത്തതെന്ന് ആസിഫ് നസ്റുൽ പ്രതികരിച്ചു.“ഞങ്ങളുടെ താരങ്ങൾ കഠിനാധ്വാനം ചെയ്താണ് ലോകകപ്പിന് യോഗ്യത നേടിയത്. ഇന്ത്യയിലെ സുരക്ഷാ സാഹചര്യങ്ങൾ ഇപ്പോഴും മാറിയിട്ടില്ല. കൃത്യമായ വിലയിരുത്തലുകൾക്ക് ശേഷമാണ് സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തിയത്. ഞങ്ങൾ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല,” — ആസിഫ് നസ്റുൽ പറഞ്ഞു.ഐസിസി നീതി നടപ്പാക്കുമെന്ന പ്രതീക്ഷ ഇപ്പോഴും നിലനിൽക്കുന്നുവെന്നും ശ്രീലങ്കയിൽ മത്സരങ്ങൾ നടത്തണമെന്ന ആവശ്യത്തിൽ ബംഗ്ലദേശ് ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് അമിനുൽ ഇസ്‌ലാം ബുൽബുൽ വ്യക്തമാക്കി:“ലോകകപ്പ് കളിക്കണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ ഇന്ത്യയിലേക്കില്ല. ബംഗ്ലദേശ് പോലൊരു രാജ്യം ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നാൽ അത് ഐസിസിയുടെ പരാജയമായിരിക്കും.”





































