ദുബായ്: സ്വയം ഓടുന്ന വാഹനങ്ങളും ഭാവിയിലെ ഗതാഗത സാങ്കേതികവിദ്യകളും പരീക്ഷിക്കുന്നതിനായി മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്മാർട്ടായ സംയോജിത ടെസ്റ്റിംഗ് കേന്ദ്രമായ ‘Dubai Mobility Labs’ ദുബായിൽ പ്രവർത്തനം ആരംഭിച്ചു. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (RTA) ദുബായ് ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റിയും (DIEZ) ചേർന്നാണ് ദുബായ് സിലിക്കൺ ഒയാസിസിൽ കേന്ദ്രം ഒരുക്കിയത്.

നിയന്ത്രിത ടെസ്റ്റ് ട്രാക്കുകളിലും പൊതുനിരത്തുകളിലുമായി 248 വ്യത്യസ്ത സാഹചര്യങ്ങളിൽ സ്വയം ഓടുന്ന വാഹനങ്ങൾ ഇവിടെ പരീക്ഷിക്കാനാകും. ദുബായ് സിലിക്കൺ ഒയാസിസ് മുതൽ അൽ ഖുദ്ര വരെയുള്ള പൊതുനിരത്തുകളിലും റിയൽ വേൾഡ് ടെസ്റ്റുകൾ നടത്തും.
WeRide, Pony.ai, Tesla തുടങ്ങിയ ആഗോള കമ്പനികളുടെ ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യകളും വാഹനങ്ങളും ഇവിടെ ഇതിനകം വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്.
2030-ഓടെ ദുബായിലെ മൊത്തം യാത്രകളിൽ 25 ശതമാനം സ്വയംനിയന്ത്രിത യാത്രകളാക്കി മാറ്റുക എന്ന Dubai Smart Self-Driving Transport Strategyയുടെ ലക്ഷ്യത്തിന് പദ്ധതി കരുത്തേകുമെന്ന് RTA ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്‌സ് ചെയർമാനുമായ മത്തർ അൽ തായർ പറഞ്ഞു.
വാഹനങ്ങളും പുതിയ സാങ്കേതികവിദ്യകളും വികസന ഘട്ടത്തിൽ നിന്ന് പരിശോധന, സർട്ടിഫിക്കേഷൻ എന്നിവ പൂർത്തിയാക്കി വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനത്തിലേക്ക് വേഗത്തിൽ എത്തിക്കാൻ Dubai Mobility Labs സഹായിക്കും.












