സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര സഹകരണം വേണമെന്ന് ബെയ്ജിങ് ഉച്ചകോടിയിൽ ജിസിഎഎ ഡയറക്ടർ ജനറൽ സൈഫ് അൽ സുവൈദി
ബെയ്ജിങ് — സിവിലിയൻ വ്യോമയാന രംഗത്ത് നിർമിത ബുദ്ധിയുടെ (എഐ) സ്വാധീനം അതിവേഗം വർധിക്കുന്ന പശ്ചാത്തലത്തിൽ, പ്രവർത്തന സുരക്ഷ ഉറപ്പാക്കാൻ ആഗോളതലത്തിൽ കർശനമായ നിയന്ത്രണ സംവിധാനങ്ങൾ അനിവാര്യമാണെന്ന് യുഎഇ. ചൈനയിലെ ബെയ്ജിങ്ങിൽ നടക്കുന്ന നാലാമത് ചൈന എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (സിഎടിഎ) സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവെ യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) ഡയറക്ടർ ജനറൽ സൈഫ് മുഹമ്മദ് അൽ സുവൈദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വ്യോമയാന മേഖലയിലെ സമഗ്ര പരിവർത്തനത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വലിയ സംഭാവന നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എയർ ട്രാഫിക് നിയന്ത്രണം, വിമാനങ്ങളുടെ അറ്റകുറ്റപ്പണി, റൺവേ സുരക്ഷ, യാത്രക്കാർക്കുള്ള സേവനങ്ങൾ എന്നിവയിലെല്ലാം എഐ സംവിധാനങ്ങൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ, സുതാര്യവും സുരക്ഷിതവുമായ നിയമനിർമാണ ചട്ടക്കൂടുകൾ ഇല്ലാതെ ഇത്തരം സാങ്കേതികവിദ്യകൾ പൂർണതോതിൽ നടപ്പിലാക്കുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
“നിർമിത ബുദ്ധിയുടെയും സിവിലിയൻ വ്യോമയാനത്തിന്റെയും സംയോജനവും വികസനവും” എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ബെയ്ജിങ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. പുതിയ സാങ്കേതിക മുന്നേറ്റങ്ങളിൽ യുഎഇയും ചൈനയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും സൈഫ് അൽ സുവൈദി വ്യക്തമാക്കി. നിലവിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ പ്രതിവാരം തൊണ്ണൂറിലധികം വിമാന സർവീസുകളാണ് നടക്കുന്നത്.
വ്യോമഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുന്നതിനൊപ്പം പ്രവർത്തനച്ചെലവും കാർബൺ പുറന്തള്ളലും കുറയ്ക്കുക എന്നതാകണം എഐ ഉപയോഗത്തിന്റെ പ്രാഥമിക ലക്ഷ്യം. സാങ്കേതിക പുരോഗതി സാധാരണക്കാരായ യാത്രക്കാരുടെ യാത്രാനുഭവത്തെ കൂടുതൽ സുരക്ഷിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് ചൈന എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ സെക്രട്ടറി ജനറൽ പാൻ യിക്സിനുമായി സൈഫ് അൽ സുവൈദി ഉഭയകക്ഷി ചർച്ച നടത്തി. സംയുക്ത ഗവേഷണം, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ നിർമാണം, സാങ്കേതിക വിദഗ്ധർക്കുള്ള സംയുക്ത പരിശീലനം എന്നിവയിൽ ഇരുരാജ്യങ്ങളും കൈകോർക്കും. നൂറിലധികം മുൻനിര വ്യോമയാന-സാങ്കേതിക കമ്പനികളാണ് ബെയ്ജിങ്ങിലെ സിഎടിഎ എക്സിബിഷനിൽ തങ്ങളുടെ നൂതന ഉൽപന്നങ്ങളും സംവിധാനങ്ങളും അവതരിപ്പിക്കുന്നത്.










