വർഷംതോറും 6 കോടിയിലധികം രേഖകൾ ഡിജിറ്റലായി പരിശോധിക്കും; യുഎഇയിലെ 30 ലക്ഷം ഉപഭോക്താക്കൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാകും
അബുദാബി, സെപ്റ്റംബർ 18, 2026 : യുഎഇയിലെ പ്രമുഖ ആരോഗ്യ ഇൻഷുറൻസ് ദാതാക്കളായ നാഷണൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനി – ദമാനിൽ വിപുലമായ നിർമ്മിത ബുദ്ധി (എഐ) സംവിധാനം ഏർപ്പെടുത്തി പ്യുവർഹെൽത്ത്. മൂന്ന് ദശലക്ഷത്തിലധികം വരുന്ന പോളിസി ഉടമകൾക്ക് ക്ലെയിമുകളും മറ്റ് ഇൻഷുറൻസ് സേവനങ്ങളും വേഗത്തിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വർഷംതോറും 6 കോടിയിലധികം വരുന്ന രേഖകൾ ഡിജിറ്റലായി തരംതിരിക്കപ്പെടും. അപേക്ഷകളിലെയും അനുബന്ധ രേഖകളിലെയും 80 ശതമാനത്തിലധികം വിവരങ്ങൾ ഓട്ടോമേറ്റഡ് സംവിധാനം വഴി കൃത്യതയോടെ ശേഖരിക്കും. ഇതോടെ ദിവസങ്ങളോളം സമയമെടുത്തിരുന്ന പരിശോധനകളും അപ്രൂവലുകളും മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും.
രേഖകൾ പരിശോധിക്കുന്നതിലെ മനുഷ്യപ്രയത്നം പകുതിയിലധികമായി കുറയും. അപൂർണ്ണമായ അപേക്ഷകളും തെറ്റായ വിവരങ്ങളും സമർപ്പണ വേളയിൽത്തന്നെ കണ്ടെത്താൻ സാധിക്കുന്നതിനാൽ നിരന്തരമുള്ള പരിശോധനാ കാലതാമസം ഒഴിവാക്കാം. ഫയൽ പരിശോധനകളിൽ നിന്ന് ഒഴിവാകുന്ന ജീവനക്കാരെ ക്ലെയിം തട്ടിപ്പുകൾ കണ്ടെത്തൽ, ചികിത്സാ നിലവാര പരിശോധന, ഉപഭോക്തൃ സേവനം തുടങ്ങിയ മേഖലകളിലേക്ക് പുനർവിന്യസിക്കും.
പോളിസി അംഗത്വം, വിവരങ്ങളിലെ മാറ്റങ്ങൾ വരുത്തൽ, സങ്കീർണ്ണമായ ചികിത്സാ ക്ലെയിമുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിലാണ് ഈ ഓട്ടോമേഷൻ പ്രധാനമായും പ്രവർത്തിക്കുക.
ആരോഗ്യ സംരക്ഷണ രംഗത്തും ഇൻഷുറൻസ് ധനകാര്യ മേഖലയിലും എഐ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നതെന്ന് പ്യുവർഹെൽത്ത് ഗ്രൂപ്പ് സിഇഒ ഷൈസ്ത ആസിഫ് വ്യക്തമാക്കി. ദമാനിൽ നടപ്പിലാക്കിയ ഈ സംവിധാനം വഴി പ്രവർത്തന മികവ് വർധിക്കുമെന്നും ചികിത്സാ രംഗത്ത് മികച്ച സേവനം ഉറപ്പാക്കിക്കൊണ്ട് അബുദാബിയുടെ ആരോഗ്യ മേഖലയ്ക്ക് കരുത്തുപകരാൻ സാധിക്കുമെന്നും അവർ പറഞ്ഞു.
പ്യുവർഹെൽത്തിന്റെ സാങ്കേതിക വിഭാഗമായ പ്യുവർസിഎസ് (PureCS) ആണ് ലാർജ് ലാംഗ്വേജ് മോഡലുകളും ഇൻ്റലിജന്റ് ക്ലാസിഫിക്കേഷൻ സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. വരുംഘട്ടങ്ങളിൽ പ്രയർ ഓതറൈസേഷൻ, തത്സമയ ക്ലെയിം പരിശോധന തുടങ്ങിയവയിലേക്കും ഇത് വ്യാപിപ്പിക്കും.
രേഖകൾ സ്വമേധയാ കൈകാര്യം ചെയ്യുന്നത് ഒഴിവാകുന്നതോടെ തെറ്റുകൾ കുറയുകയും തീരുമാനങ്ങൾ വേഗത്തിലാവുകയും ചെയ്യുമെന്ന് ദമാൻ സിഇഒ ഖാലിദ് അതീഖ് അൽ ദാഹിരി പറഞ്ഞു. ആശുപത്രികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ സുതാര്യമായ സേവനം നൽകാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയിലെ ആശുപത്രി ശൃംഖലകളും ഇൻഷുറൻസ് വിതരണവും അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറ്റുന്ന പ്യുവർഹെൽത്തിന്റെ സമഗ്ര നയത്തിന്റെ ഭാഗമായാണ് പുതിയ ചുവടുവെപ്പ്.










