കോഴിക്കോട്: അട്ടിമറിവിജയം നേടിയിട്ടും യു.ഡി.എഫിൽ മുഖ്യമന്ത്രി ആരാവണമെന്ന തർക്കം തുടരുന്നതിനിടെ വി.ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ട് പാതിരാത്രിയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടനം. വിവിധ ജില്ലകളിൽ നടന്ന പ്രകടനങ്ങളിൽ നേതാക്കളടക്കം നിരവധി പേർ പങ്കെടുത്തു. കോഴിക്കോട് കുറ്റ്യാടിയിലും കാരശ്ശേരിയിലും നൂറുക്കണക്കിന് പ്രവർത്തകരാണ് തെരുവിലിറങ്ങിയത്. അത്തോളിയിലും മുക്കം കാരശ്ശേരിയിലും പ്രകടനമുണ്ടായി.
പടനയിച്ച നായകൻ നാട് ഭരിക്കെട്ട എന്ന ബാനറേന്തിയാണ് നൂറ് കണക്കിന് യുവാക്കൾ രാത്രി പ്രകടനം നടത്തിയത്. ‘‘പിണറായിയുടെ കൈയിൽനിന്നും, ഇടതന്മാരുടെ കൈയിൽനിന്നും, കേരള ജനതയെ മോചിപ്പിക്കാൻ, കേരളമാകെ ഓടി നടന്ന, ചങ്കേ കരളേ വി.ഡി.എസ്സേ, നിങ്ങൾ ഞങ്ങൾക്കാവേശം, വാഗ്ദാനങ്ങൾ പാലിക്കാൻ, അങ്ങീ നാട് ഭരിക്കേണം’’തുടങ്ങിയ മുദ്രാവാക്യങ്ങളുമുവുമുയർന്നു.
കുറ്റ്യാടി മേഖലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രവർത്തകരാണ് പ്രകടനത്തിൽ പങ്കെടുത്തത്. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ടി. സുരേഷ് ബാബു, ഇ.എം. അസ്ഹർ, മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി. ഖാലിദ്, സെക്രട്ടറി പി. സുബൈർ, പി.പി. ദിനേശൻ, സി.പി. ജിനചന്ദ്രൻ, പി.പി. ഗോപിനാഥ്, പി.കെ. ബാബു, കെ.പി. പത്മനാഭൻ, എസ്.ജെ. സജീവൻ, എൻ.കെ. കുഞ്ഞബ്ദുല്ല എന്നിവർ നേതൃത്വം നൽകി. പ്രചാരണമില്ലതെയാണ് ഇത്രയിധികം ആളുകളെ സംഘടിപ്പിക്കാനായതെന്നും വി.ഡി.സതീശൻ നാടുനയിക്കണമെന്ന ആവശ്യമാണ് ഇതിന് പ്രേചോദനമെന്നും കോൺഗ്രസ് മണ്ഡലം സെക്രട്ടറി പി. സുബൈർ മാധ്യമ പ്രവർത്തരോട് പറഞ്ഞു.
യു.ഡി.എഫ് പ്രകടനമെന്നാണ് മുദ്രാവാക്യം വിളിച്ചതെങ്കിലും മുസ്ലിം ലീഗിന്റെ ഭാരവാഹികളാരും പങ്കെടുത്തിരുന്നെല്ലന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. എന്നാൽ, പ്രകടനത്തിന് അനുകൂലമായോ എതിർത്തോ മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹി പ്രതികരിച്ചില്ല. പ്രകടനം കോൺഗ്രസിന്റെ ഔദ്യോഗിക അംഗീകാര പ്രകാരമല്ലെന്ന് മണ്ഡലം പ്രസിഡന്റ് പി.കെ. സുരഷ് പറഞ്ഞു.
മുക്കം: സംസ്ഥാനത്ത് മുഖ്യമന്ത്രിയെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ വി.ഡി. സതീശനായി തെരുവിലിറങ്ങി ജനങ്ങൾ. കാരശ്ശേരിയിലാണ് ഗ്രാമപഞ്ചായത്തംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്ത പ്രകടനങ്ങൾ നടന്നത്. നോർത്ത് കാരശ്ശേരിയിൽ നടന്ന പ്രകടനത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. കാരശ്ശേരി ഗ്രാമപഞ്ചായത്തംഗങ്ങളായ എം.പി. ജാഫർ, മുസീർ പട്ടാംകുന്നൻ, കോൺഗ്രസ് പ്രവർത്തകരായ സാദിഖ് കുറ്റിപറമ്പ്, വി.ടി. ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
ഇതിനൊപ്പം, മുക്കം പി.സി. ജംഗ്ഷനിൽ വി.ഡി. സതീശനെ പിന്തുണച്ച് ഫ്ലെക്സ് ബോർഡുകളും ഉയർന്നു. “പടനയിച്ച നായകൻ നാടിനെ നയിക്കട്ടെ” എന്ന സന്ദേശവുമായാണ് കോൺഗ്രസ് പ്രവർത്തകർ ബോർഡുകൾ സ്ഥാപിച്ചത്. സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലും സമാന രീതിയിൽ പിന്തുണ പ്രകടിപ്പിക്കുന്ന ബോർഡുകൾ ഉയരുന്നുവെന്നാണ് വിവരം.
മുഖ്യമന്ത്രിപദത്തെ ചുറ്റിപ്പറ്റിയുള്ള ഈ ജനപ്രക്ഷോഭ സ്വഭാവത്തിലുള്ള പ്രതികരണങ്ങൾ കോൺഗ്രസ് നേതൃത്വത്തിന് പുതിയ സമ്മർദ്ദമായി മാറിയിരിക്കുകയാണ്.









































