അബൂദബി: സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണ ലക്ഷ്യം പാലിക്കുന്നതിനായി നിശ്ചയിച്ച സമയപരിധി ജൂൺ 30ന് അവസാനിക്കുമെന്ന് മാനവ വിഭവ ശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു. 50-ൽ കൂടുതലുള്ള ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾക്ക് നിർബന്ധമായും ലക്ഷ്യം കൈവരിക്കേണ്ടതുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
2026ലെ ആദ്യ പകുതിയിൽ വൈദഗ്ധ്യമുള്ള തൊഴിൽ മേഖലകളിൽ സ്വദേശിവൽക്കരണ നിരക്കിൽ കുറഞ്ഞത് 1% വർധനവ് നടപ്പാക്കണം. രണ്ടാം പകുതിയിലും 1% വർധനവ് നിർബന്ധമാണെന്ന് നയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ 2026ൽ ആകെ 2% സ്വദേശിവൽക്കരണ വർധനവാണ് ലക്ഷ്യമിടുന്നത്.
ജൂൺ 30നുള്ളിൽ ലക്ഷ്യം കൈവരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ജൂലൈ 1 മുതൽ പിഴ ചുമത്തൽ ആരംഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. പരിശോധനകളും ഇതോടൊപ്പം ശക്തിപ്പെടുത്തും.
പിഴ ഒഴിവാക്കാൻ ശേഷിക്കുന്ന ദിവസങ്ങളിൽ തന്നെ സ്വദേശികളെ നിയമിക്കുന്ന നടപടികൾ വേഗത്തിലാക്കണമെന്ന് കമ്പനികളോട് മന്ത്രാലയം നിർദേശിച്ചു. തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കുകയാണ് നയത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.







































