ദുബായ്: സർക്കാർ സേവനങ്ങളിൽ നവീകരണവും ഭാവി സാങ്കേതിക വിദ്യകളും കൂടുതൽ ശക്തമായി ഉൾപ്പെടുത്തുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് – ദുബായ് “ഇന്നൊവേഷൻ ആൻഡ് ഫ്യൂച്ചർ റെഡിനസ് ചാർട്ടർ” പ്രഖ്യാപിച്ചു. ദുബായുടെ ഭാവി സർക്കാർ കാഴ്ചപ്പാടുകൾക്ക് കൂടുതൽ ശക്തി പകരുന്ന പദ്ധതി ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്: ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് ചാർട്ടർ പുറത്തിറക്കിയത്. ഉപമേധാവി മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ ,വിവിധ ഡിപ്പാർട്ട്മെന്റ്കളുടെ അസിസ്റ്റന്റ് ഡയറക്ടർ, വിവിധ വിഭാഗങ്ങളിലെ പ്രവർത്തകസംഘങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ സാങ്കേതിക വിദ്യകൾ, ഗവേഷണ അടിസ്ഥാനത്തിലുള്ള പ്രവർത്തനരീതികൾ എന്നിവ സർക്കാർ സേവനങ്ങളിൽ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുകയാണ് പുതിയ ചാർട്ടറിന്റെ പ്രധാന ലക്ഷ്യം. ഭാവിയിൽ ഉണ്ടാകുന്ന മാറ്റങ്ങളെയും വെല്ലുവിളികളെയും വേഗത്തിൽ നേരിടാൻ കഴിയുന്ന സർക്കാർ സംവിധാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.“ദുബായ് ഇക്കണോമിക് അജണ്ട D33” യുടെയും “വി ദി യുഎഇ 2031” വിഷന്റെയും ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഭാവി സാങ്കേതിക വിദ്യകളിൽ ആഗോള മത്സരക്ഷമത വർധിപ്പിക്കാനും ലോകത്തിലെ ഏറ്റവും ഭാവി തയ്യാറെടുപ്പുള്ള നഗരങ്ങളിലൊന്നായി ദുബായെ കൂടുതൽ ശക്തിപ്പെടുത്താനും ഇത് സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഗവേഷണവും വികസനവും, അറിവ് പങ്കുവെക്കലും, പുതിയ ആശയങ്ങൾ പ്രോത്സാഹിപ്പിക്കലും, ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കലും ചാർട്ടറിന്റെ പ്രധാന ഘടകങ്ങളാണ്. സർക്കാർ-സ്വകാര്യ മേഖലകൾ, സർവകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുമായി സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്.“ഇന്നൊവേഷൻ ഇന്ന് ഭാവി സർക്കാർ സംവിധാനങ്ങളുടെ അടിത്തറയാണ്. സാങ്കേതിക വിദ്യ മാത്രം മതിയാകില്ല; തുടർച്ചയായ വളർച്ചക്കും മാറ്റങ്ങൾക്കും തയ്യാറാകുന്ന സ്ഥാപന സംസ്കാരവും അത്ര തന്നെ പ്രധാനമാണെന്ന് ചടങ്ങിൽ സംസാരിച്ച ലഫ് : ജനറൽ മുഹമ്മദ് അൽ മർറി അഭിപ്രായപ്പെട്ടു.


ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും സർക്കാർ സേവനങ്ങളെ കൂടുതൽ വേഗത്തിലും ലളിതമായും മാറ്റുകയും ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം. ആശയങ്ങളെ യാഥാർത്ഥ്യമാക്കുന്ന, മനുഷ്യകേന്ദ്രിതമായ സർക്കാർ മാതൃകയാണ് ജിഡിആർഎഫ്എ ദുബായ് മുന്നോട്ട് വെക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, തന്ത്രപരമായ പങ്കാളിത്തങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സമഗ്ര സർക്കാർ സംവിധാനത്തിലേക്കുള്ളപുതിയ മുന്നേറ്റമായാണ് ഈ ചാർട്ടർ ജി ഡി ആർ എഫ് എ വിശദീകരിച്ചു







































