ഷാർജ ബുക്ക് അതോറിറ്റി ആസ്ഥാനത്ത് നടക്കുന്ന എട്ടാമത് പ്രദർശനത്തിൽ 23 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ; പ്രവേശന നടപടികളും തൊഴിൽ സാധ്യതകളും നേരിട്ടറിയാൻ അവസരം.
ഷാർജ, സെപ്റ്റംബർ 28, 2026 : സ്കൂൾ പഠനത്തിന് ശേഷമുള്ള ഉപരിപഠന സാധ്യതകളും സർവകലാശാലാ പ്രവേശന മാനദണ്ഡങ്ങളും നേരിട്ടറിയാൻ യുഎഇയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി ഷാർജ പബ്ലിക് ലൈബ്രറീസ് ഒരുക്കിയ സർവകലാശാലാ പ്രദർശനത്തിന് തുടക്കമായി.
ഷാർജ ബുക്ക് അതോറിറ്റി ആസ്ഥാനത്ത് ‘ഭാവിയിലേക്കുള്ള പാത: അഭിലാഷങ്ങൾ നേട്ടങ്ങളിലേക്ക്’ എന്ന പ്രമേയത്തിൽ നടക്കുന്ന എട്ടാമത് യൂണിവേഴ്സിറ്റി മേജേഴ്സ് എക്സിബിഷനിൽ 23 പ്രമുഖ സർവകലാശാലകളും അക്കാദമിക് സ്ഥാപനങ്ങളുമാണ് പങ്കെടുക്കുന്നത്. സെപ്റ്റംബർ 29 വരെ നീളുന്ന രണ്ട് ദിവസത്തെ പ്രദർശനത്തിൽ ഉപരിപഠനം, പ്രവേശന പരീക്ഷകൾ, സ്കോളർഷിപ്പുകൾ, ഭാവി തൊഴിൽ മേഖലകൾ എന്നിവ സംബന്ധിച്ച് 36 പ്രത്യേക ശിൽപശാലകളും ചർച്ചകളും ഒരുക്കിയിട്ടുണ്ട്.
വെബ്‌സൈറ്റുകളിൽ നിന്നും സോഷ്യൽ മീഡിയകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾക്കപ്പുറം, പ്രവേശനവുമായി ബന്ധപ്പെട്ട സങ്കീർണമായ സംശയങ്ങൾക്ക് വ്യക്തത വരുത്താൻ മേള വിദ്യാർഥികൾക്ക് സഹായകരമാകുന്നു. യുഎഇ പൗരന്മാർക്ക് നിർബന്ധിതമായ ദേശീയ സേവനവും (നാഷണൽ സർവീസ്) തുടർപഠനവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാമെന്നതുൾപ്പെടെയുള്ള പ്രായോഗിക വിഷയങ്ങൾ സർവകലാശാലാ പ്രതിനിധികൾ നേരിട്ട് വിശദീകരിക്കുന്നുണ്ട്. സൈനിക സേവനത്തിന് മുൻപായി മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് പ്രവേശന പരീക്ഷകൾ പൂർത്തിയാക്കാനും തുടർന്ന് സേവന കാലാവധിക്ക് ശേഷം അഭിമുഖത്തിൽ പങ്കെടുക്കാനുമുള്ള സൗകര്യങ്ങൾ സർവകലാശാലകൾ വാഗ്ദാനം ചെയ്യുന്നു.



വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ‘മിഖ്യാസ്’ (Miqyas) ഇന്ററാക്ടീവ് ടച്ച്‌സ്‌ക്രീൻ സംവിധാനമാണ് മേളയിലെ മറ്റൊരു ആകർഷണം. വിദ്യാർഥികളുടെ അഭിരുചികളും താൽപ്പര്യങ്ങളും വിശകലനം ചെയ്ത് അവർക്ക് അനുയോജ്യമായ അക്കാദമിക് കോഴ്സുകളും ഭാവി തൊഴിലവസരങ്ങളും നിർദേശിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. താൽക്കാലിക ട്രെൻഡുകൾക്ക് പിന്നാലെ പോകാതെ സ്വന്തം കഴിവിനും താൽപ്പര്യത്തിനും മുൻഗണന നൽകി കോഴ്സുകൾ തിരഞ്ഞെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്.
മാറുന്ന സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും തൊഴിൽ വിപണിയിൽ വരുത്തുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് ഭാവി സുരക്ഷിതമാക്കാൻ ഉതകുന്ന കോഴ്സുകൾ തിരഞ്ഞെടുക്കാനാണ് സ്കൂൾ വിദ്യാർഥികൾ മുൻഗണന നൽകുന്നത്. ഐഇഎൽടിഎസ് (IELTS) ഉൾപ്പെടെയുള്ള ഭാഷാ പ്രാവീണ്യ പരീക്ഷകൾ, സ്കൂൾ തലത്തിലെ മിനിമം മാർക്ക് മാനദണ്ഡങ്ങൾ, സർവകലാശാലകളിലെ താമസ സൗകര്യങ്ങൾ എന്നിവ സംബന്ധിച്ചും പ്രതിനിധികൾ കൃത്യമായ മാർഗനിർദേശം നൽകുന്നു. വിവിധ സ്ഥാപനങ്ങളുടെ സവിശേഷതകളും ഫീസ് ഘടനകളും നേരിട്ട് താരതമ്യം ചെയ്യാനുള്ള അപൂർവ അവസരമാണ് ഈ വിദ്യാഭ്യാസ പ്രദർശനം ഒരുക്കുന്നത്.










