കുറഞ്ഞ വിലയും ആകർഷകമായ ഓഫറുകളും വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ വഴി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമാകുന്നു.
ദുബായ്: ബലിപെരുന്നാൾ (ഈദുൽ അദ്ഹ) അടുത്തിരിക്കെ ബലിമൃഗങ്ങളെ വിൽക്കാനെന്ന പേരിൽ ഓൺലൈനിൽ സജീവമാകുന്ന തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ്. കുറഞ്ഞ വിലയും ആകർഷകമായ ഓഫറുകളും വാഗ്ദാനം ചെയ്ത് പൊതുജനങ്ങളെ കബളിപ്പിക്കുന്ന സംഘങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മെസ്സേജിംഗ് ആപ്പുകളിലും സജീവമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പെരുന്നാൾ സീസണിലെ തിരക്കും ആവശ്യക്കാരും ഏറുന്നത് മുതലെടുത്താണ് സൈബർ തട്ടിപ്പുകാർ വലവിരിക്കുന്നത്. വിശ്വാസയോഗ്യമല്ലാത്ത വെബ്‌സൈറ്റുകൾ വഴിയോ വ്യക്തിഗത അക്കൗണ്ടുകൾ വഴിയോ പണമിടപാടുകൾ നടത്തുന്നവർ ചതിക്കുഴിയിൽ വീഴാൻ സാധ്യതയുണ്ടെന്ന് ദുബായ് പൊലീസ് പുറത്തിറക്കിയ ബോധവൽക്കരണ സന്ദേശത്തിൽ വ്യക്തമാക്കുന്നു.
തട്ടിപ്പ് രീതികൾ ഇങ്ങനെ
സോഷ്യൽ മീഡിയയിൽ വ്യാജ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. വിപണി വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള മൃഗങ്ങളെ നൽകുമെന്നാണ് ഇവരുടെ പ്രധാന വാഗ്ദാനം. ഉപഭോക്താക്കൾ പണം കൈമാറിക്കഴിഞ്ഞാൽ പിന്നീട് ഇവരുമായി ബന്ധപ്പെടാൻ സാധിക്കില്ല. ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു:
- വിശ്വാസ്യത ഉറപ്പാക്കുക: ഓൺലൈൻ വഴി മൃഗങ്ങളെ വാങ്ങുമ്പോൾ വിൽപനക്കാരുടെ വിശ്വാസ്യതയും സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ആധികാരികതയും പരിശോധിക്കണം.
- അംഗീകൃത സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കുക: മുനിസിപ്പാലിറ്റി അംഗീകരിച്ചിട്ടുള്ളതും ലൈസൻസുള്ളതുമായ ലൈവ്‌സ്റ്റോക്ക് സപ്ലയർമാർ വഴി മാത്രം മൃഗങ്ങളെ ബുക്ക് ചെയ്യുക.
- വ്യക്തിഗത അക്കൗണ്ടുകൾ ഒഴിവാക്കുക: അപരിചിതരായ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.
- ആകർഷകമായ ഓഫറുകൾ ശ്രദ്ധിക്കുക: വിശ്വസിക്കാൻ കഴിയാത്ത വിധത്തിലുള്ള വിലക്കുറവോ ഡിസ്‌കൗണ്ടുകളോ കാണുമ്പോൾ ജാഗ്രത പാലിക്കണം.
സുരക്ഷിതമായ മാർഗ്ഗങ്ങൾ
യുഎഇയിലെ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് (IACAD) അംഗീകരിച്ചിട്ടുള്ള ചാരിറ്റി സംഘടനകൾ വഴിയോ ദുബായ് മുനിസിപ്പാലിറ്റിയുടെ ‘അൽ മവാഷി’ (Al Mawashi) പോലുള്ള ഔദ്യോഗിക ആപ്പുകൾ വഴിയോ ബലിമൃഗങ്ങളെ ബുക്ക് ചെയ്യുന്നത് സുരക്ഷിതമാണ്.
ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായാലോ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാലോ ഉടൻ തന്നെ ദുബായ് പൊലീസിന്റെ e-Crime പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.












































