അബുദാബി: അപൂർവ ഇനത്തിൽപ്പെട്ട വന്യജീവികളുടെയും സസ്യങ്ങളുടെയും നിയമവിരുദ്ധമായ വ്യാപാരത്തിൽ ഏർപ്പെടുന്നവർക്കെതിരെ യുഎഇയിൽ കടുത്ത നടപടി. നിയമലംഘകർക്ക് 15 വർഷം വരെ തടവും 20 ലക്ഷം ദിർഹം വരെ പിഴയും ചുമത്തുമെന്ന് യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. ആംന ബിൻത് അബ്ദുല്ല അൽ ദഹക് വ്യക്തമാക്കി. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ രാജ്യാന്തര വ്യാപാരം തടയുന്നതിനുള്ള ‘സൈറ്റസ്’ കരാറിലെ വ്യവസ്ഥകൾ പാലിച്ച് വന്യജീവി കടത്തലിനെതിരെ രാജ്യം പൂർണമായ പൂജ്യം സഹിഷ്ണുത (സീറോ ടോളറൻസ്) നയമാണ് സ്വീകരിക്കുന്നതെന്നും ഇത്തരം അനധികൃത ഇടപാടുകളിൽ ഏർപ്പെടുന്നവർക്ക് യുഎഇയിൽ സ്ഥാനമുണ്ടാകില്ലെന്നും മന്ത്രി ഓർമിപ്പിച്ചു.
യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പരിസ്ഥിതി സംരക്ഷണ പാരമ്പര്യത്തിന്റെ തുടർച്ചയായാണ് ഈ നടപടികൾ. വംശനാശഭീഷണി നേരിട്ടിരുന്ന അറേബ്യൻ ഒറിക്സ് (കാട്ടുമാൻ) വർഗത്തെ വനങ്ങളിലേക്ക് തിരികെ വിട്ടതിലും ലോകത്തിലെ രണ്ടാമത്തെ വലിയ കടൽപശു (ഡുഗോങ്) സമൂഹത്തിന് യുഎഇ തീരങ്ങളിൽ സുരക്ഷിത താവളമൊരുക്കിയതിലും രാജ്യം കൈവരിച്ച നേട്ടങ്ങൾ മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ വേട്ടപ്പക്ഷികളുടെ അനധികൃത കടത്ത് തടയുന്നതിനും അവയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും രാജ്യാന്തര തലത്തിൽ യുഎഇ മുൻകൈ എടുക്കുന്നുണ്ട്.
യുഎഇയും ഇന്തൊനീഷ്യയും സംയുക്തമായി രൂപീകരിച്ച ‘മാൻഗ്രോവ് അലയൻസ് ഫോർ ക്ലൈമറ്റ്’ (മാക്) എന്ന കൂട്ടായ്മയിൽ നിലവിൽ 47 രാജ്യങ്ങൾ അംഗങ്ങളാണ്. ആഗോളതലത്തിൽ കണ്ടൽക്കാടുകളുടെ വിസ്തൃതി വർധിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രകൃതിദത്തമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ഈ പ്ലാറ്റ്‌ഫോം സഹായിക്കുന്നു. 2030നകം രാജ്യത്തുടനീളം 10 കോടി കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.













































