റിയാദ്: ലോകമെമ്പാടുമുള്ള മലയാളികളുടെ കാരുണ്യവും ഐക്യദാർഢ്യവും കൊണ്ട് മരണശിക്ഷയിൽ നിന്ന് ജീവൻ തിരികെ നേടിയ കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള ദീർഘമായ ജയിൽവാസം അവസാനിപ്പിച്ച് ഇന്ന് ജന്മനാട്ടിലെത്തും.
നിയമനടപടികൾ പൂർത്തിയാക്കി ബുധനാഴ്ച രാത്രിയോടെ റിയാദിലെ ജയിലിൽനിന്ന് മോചിതനായ റഹീം, കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിെൻറ ഐ.എക്സ് 322 വിമാനത്തിലാണ് യാത്ര തിരിച്ചത്. റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും കുടുംബവും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുന്നുണ്ട്.
ഇക്കഴിഞ്ഞ മെയ് 26-നാണ് റഹീമിന്റെ മോചന ഉത്തരവും എക്സിറ്റ് വിസയും ലഭിച്ചത്. തുടർന്ന് നാട്ടിലേക്കുള്ള യാത്രാ ക്രമീകരണങ്ങൾ വേഗത്തിലാക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെ ജയിലിൽ നിന്ന് നാടുകടത്തൽ സെല്ലിലേക്ക് മാറ്റിയ റഹീമിനെ രാത്രിയോടെ വിമാനത്താവളത്തിൽ എത്തിച്ച് വിരലടയാള പരിശോധനയും മറ്റ് ഇമിഗ്രേഷൻ നടപടികളും പൂർത്തിയാക്കിയ ശേഷമാണ് വിമാനത്തിൽ കയറ്റിയത്.
2006 നവംബറിലാണ് ഹൗസ് ഡ്രൈവർ വിസയിൽ അബ്ദുൽ റഹീം സൗദിയിലെത്തിയത്. സ്പോൺസറുടെ ശാരീരിക വെല്ലുവിളികളുള്ള മകനെ പരിചരിക്കുന്നതിനിടെയായിരുന്നു പിന്നീട് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വാഹനത്തിനുള്ളിൽ കുട്ടി അക്രമാസക്തനാകാൻ ശ്രമിക്കുമ്പോൾ തടയുന്നതിനിടെ അബദ്ധത്തിൽ കൈതട്ടി കുട്ടിയുടെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന മെഡിക്കൽ ഉപകരണം തകരാറിലാകുകയും ശ്വാസതടസ്സത്തെ തുടർന്ന് കുട്ടി മരണപ്പെടുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ അറസ്റ്റിലായ റഹീമിന് കോടതി വധശിക്ഷ വിധിക്കുകയും പിന്നീട് അപ്പീൽ കോടതിയും അത് ശരിവെക്കുകയും ചെയ്തു. വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗം കുട്ടിയുടെ കുടുംബം ‘ദിയാധനം’ സ്വീകരിച്ച് മാപ്പ് നൽകുന്നതായിരുന്നു. തുടക്കത്തിൽ കടുത്ത നിലപാടിലായിരുന്ന കുടുംബവുമായി ഇന്ത്യൻ എംബസിയുടെയും റിയാദിലെ സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ നീണ്ട ചർച്ചകളാണ് നടന്നത്.
ഒരു ഘട്ടത്തിൽ സുപ്രീം കോടതിയിൽ നിന്ന് സ്റ്റേ ലഭിച്ചെങ്കിലും പിന്നീട് അത് നീക്കാൻ വാദിഭാഗം ശ്രമിച്ചതോടെ റഹീമിന്റെ ജീവൻ വീണ്ടും ആശങ്കയിലായി. എന്നാൽ വിവിധ കമ്മിറ്റികളുടെ ഇടപെടലും മലയാളി സമൂഹത്തിന്റെ പിന്തുണയും ശക്തമായതോടെ 15 മില്യൺ സൗദി റിയാൽ ദിയാധനമായി നൽകിയാൽ മാപ്പ് നൽകാമെന്ന് കുട്ടിയുടെ കുടുംബം സമ്മതിക്കുകയായിരുന്നു.
34 കോടിയിലേറെ ഇന്ത്യൻ രൂപ സമാഹരിക്കേണ്ടി വന്ന ഈ ദൗത്യം ആദ്യം അസാധ്യമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ അതിവേഗ ഫണ്ട് ശേഖരണം സാധ്യമായി. 2024-ൽ സമാനമായ ഒരു ചെറിയ പെരുന്നാൾ കാലത്താണ് റഹീമിനായുള്ള ഫണ്ട് സമാഹരണം പൂർത്തിയായത്.
റമദാൻ 27 മുതൽ ഒഴുകി വന്ന തുക ലക്ഷ്യത്തിലെത്തിയത് ഒരു പെരുന്നാൾ ദിനം ഉച്ചയോടെയായിരുന്നു. റഹീമിെൻറ മോചനത്തിന് ശേഷമുള്ള നാട്ടിലേക്കുള്ള മടക്കയാത്രയും ഒരു പെരുന്നാൾ ദിനത്തിലായത് തികച്ചും യാദൃച്ഛികമായി. ആഗോള മലയാളി സമൂഹം ഒന്നടങ്കം നെഞ്ചിലേറ്റിയ ഒരു മഹാ ജീവകാരുണ്യ ദൗത്യത്തിെൻറ ശുഭപര്യവസാനമാണ് റഹീമിെൻറ ഈ ജന്മനാട്ടിലേക്കുള്ള മടക്കം.













































