അബുദാബി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങളും വിമാനത്താവള പരിശോധനകളും ശക്തമാക്കിയതായി റിപ്പോർട്ട്. ഇതോടെ യാത്രക്കാർ യാത്രതിരിക്കുന്നതിന് മുമ്പ് ലക്ഷ്യരാജ്യങ്ങളിലെ നിലവിലെ പ്രവേശന ചട്ടങ്ങളും ആരോഗ്യ നിർദേശങ്ങളും കൃത്യമായി പരിശോധിക്കണമെന്ന് ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയർലൈൻസ് മുന്നറിയിപ്പ് നൽകി.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ഉൾപ്പെടെയുള്ള മേഖലകളിൽ എബോള വ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പല രാജ്യങ്ങളും പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. യാത്രാ നിയമങ്ങളിൽ അതിവേഗ മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ ഔദ്യോഗിക സർക്കാർ സംവിധാനങ്ങളിലൂടെയും ബന്ധപ്പെട്ട രാജ്യങ്ങളുടെ ആരോഗ്യ വകുപ്പുകളിലൂടെയും വിവരങ്ങൾ ഉറപ്പാക്കിയ ശേഷം മാത്രമേ യാത്ര ചെയ്യാവൂ എന്ന് എമിറേറ്റ്സ് വ്യക്തമാക്കി.
എബോള വൈറസ് അയൽരാജ്യങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത ഉയർന്നതിനെ തുടർന്ന് ലോകാരോഗ്യ സംഘടന (WHO) ഈ മാസം ആദ്യം രാജ്യാന്തര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ സംബന്ധിച്ചുള്ള നിരീക്ഷണവും പരിശോധനകളും നിരവധി രാജ്യങ്ങൾ ശക്തമാക്കി.
ഇതിൽ ഏറ്റവും കർശനമായ നടപടികൾ സ്വീകരിച്ചിരിക്കുന്നത് അമേരിക്കയാണ്. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച യുഎസ് പൗരന്മാർക്കും യാത്രക്കാർക്കും നിശ്ചിത വിമാനത്താവളങ്ങൾ വഴിമാത്രമേ അമേരിക്കയിലേക്ക് പ്രവേശനം അനുവദിക്കൂ.
വാഷിങ്ടൺ ഡല്ലസ്, അറ്റ്ലാന്റ എന്നിവ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ എബോള പരിശോധനയ്ക്കായി പ്രത്യേക സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ശരീരതാപനില പരിശോധിക്കുന്നതും രോഗലക്ഷണങ്ങൾ നിരീക്ഷിക്കുന്നതും നിർബന്ധമാക്കിയിട്ടുണ്ട്. അമേരിക്കയിലെ സ്ഥിര താമസാനുമതിയുള്ള ഗ്രീൻ കാർഡ് ഉടമകൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണ്.
ആഗോളതലത്തിൽ ആരോഗ്യ സുരക്ഷാ നടപടികൾ ശക്തമാകുന്ന സാഹചര്യത്തിൽ യാത്രക്കാർ ജാഗ്രത പാലിക്കുകയും യാത്രയ്ക്ക് മുമ്പ് ബന്ധപ്പെട്ട രാജ്യങ്ങളുടെ ഏറ്റവും പുതിയ നിർദേശങ്ങൾ പരിശോധിക്കുകയും ചെയ്യണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.













































