ദുബായ്∙ സംശയാസ്പദമായ വെബ്‌സൈറ്റുകളും ഓൺലൈൻ പേജുകളും വഴി വിൽപന നടത്തുന്ന മോഷ്ടിക്കപ്പെട്ട ക്രെഡിറ്റ് കാർഡുകൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമെതിരെ ജനങ്ങൾക്ക് കർശന മുന്നറിയിപ്പുമായി ദുബായ് പൊലീസ്.
ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് യുഎഇ സൈബർ നിയമപ്രകാരം ജയിൽശിക്ഷയും രണ്ട് ലക്ഷം മുതൽ 20 ലക്ഷം ദിർഹം (ഏകദേശം ആറര കോടിയിലേറെ ഇന്ത്യൻ രൂപ) വരെ പിഴയും ലഭിക്കുമെന്ന് വ്യക്തമാക്കി.
രാജ്യത്തിന് പുറത്തുനിന്ന് പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളാണ് ഇത്തരം വ്യാജ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി മോഷ്ടിച്ച ബാങ്ക് വിവരങ്ങളും ക്രെഡിറ്റ് കാർഡുകളും വിപണനം നടത്തുന്നതെന്ന് ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപാർട്ട്‌മെന്റിന് കീഴിലുള്ള ആന്റി ഫ്രോഡ് സെന്റർ ഡയറക്ടർ ലഫ്. കേണൽ അലി അൽ യമ്മാഹി പറഞ്ഞു.
വേഗത്തിലുള്ള ഇടപെടലിലൂടെ നഷ്ടപ്പെട്ട തുക വീണ്ടെടുക്കാനും വലിയ സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാനും സാധിക്കും. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള 2021-ലെ 34-ാം നമ്പർ ഫെഡറൽ ഡിക്രി നിയമപ്രകാരമാണ് ഇലക്ട്രോണിക് തട്ടിപ്പുകൾക്കും ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുമെതിരെ യുഎഇയിൽ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുന്നത്.













































