ദുബായ്: ദുബായിലെ പ്രധാന വിനോദസഞ്ചാര-വാട്ടർഫ്രണ്ട് കേന്ദ്രങ്ങളിലൊന്നായ ദുബായ് ഹാർബറിലേക്കുള്ള യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിർമ്മിക്കുന്ന പുതിയ പാലത്തിൻ്റെ പദ്ധതിയുടെ 90 ശതമാനം പ്രവൃത്തികളും പൂർത്തിയായതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
ആർടിഎയും ഷമാൽ ഹോൾഡിംഗും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി 1,500 മീറ്റർ നീളമുള്ള, ഇരുദിശകളിലുമായി രണ്ട് ലെയിനുകളുള്ള പാലമാണ് നിർമ്മിക്കുന്നത്. മണിക്കൂറിൽ 6,000 വാഹനങ്ങൾ വരെ കടന്നുപോകാൻ കഴിയുന്ന ഈ പാലം, ദുബായ് ഹാർബറിനെയും ഷെയ്ഖ് സായിദ് റോഡിനെയും നേരിട്ട് ബന്ധിപ്പിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.


ജൂൺ മാസത്തോടെ ദെയ്‌റ, ജബൽ അലി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ഷെയ്ഖ് സായിദ് റോഡ് വഴി ദുബായ് ഹാർബറിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് പുതിയ പാലം ഉപയോഗിക്കാനാകും. തുടർന്ന് ജൂലൈയിൽ ദുബായ് ഹാർബറിൽ നിന്ന് അൽ നസീം സ്ട്രീറ്റിലേക്കും കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റ് – അൽ നസീം സ്ട്രീറ്റ് ജംഗ്ഷനിലേക്കുമുള്ള ഗതാഗതവും പുതിയ സംവിധാനത്തിലൂടെ ആരംഭിക്കും.
ദുബായുടെ വർധിച്ചുവരുന്ന നഗരവികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും അനുസൃതമായ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആർടിഎ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്തർ അൽ തായർ വ്യക്തമാക്കി. പുതിയ പാലം നിലവിൽ ദുബായ് ഹാർബറിലേക്കുള്ള യാത്രയ്ക്ക് ആവശ്യമായ 12 മിനിറ്റ് സമയം വെറും മൂന്ന് മിനിറ്റായി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളിൽ നിലവിൽ 1,400 എഞ്ചിനീയർമാരും തൊഴിലാളികളും ഉൾപ്പെടുന്ന 12 ടീമുകളാണ് പ്രവർത്തിക്കുന്നത്. ഇതുവരെ 4.2 ദശലക്ഷം മനുഷ്യ-മണിക്കൂർ ജോലി പൂർത്തിയാക്കിയ പദ്ധതിയിൽ 45,104 ഘനമീറ്റർ കോൺക്രീറ്റും 8,273 ടൺ സ്റ്റീലും ഉപയോഗിച്ചിട്ടുണ്ട്. 254 പൈലുകൾ, 66 പാലത്തൂണുകൾ, അഞ്ച് റാംപുകൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.


ബ്ലൂവാട്ടേഴ്സ് ഐലൻഡിനും പാം ജുമൈറയ്ക്കുമിടയിൽ സ്ഥിതിചെയ്യുന്ന ദുബായ് ഹാർബർ, ദുബായിലെ പ്രധാന തീരദേശ വികസന മേഖലയാണ്. ലോകത്തിലെ ഏറ്റവും വലിയ യാച്ച് മറീനകളിലൊന്നായ ഇവിടെ 24 ടവറുകളും ഏകദേശം 7,500 റെസിഡൻഷ്യൽ അപ്പാർട്ട്മെന്റുകളും ഉൾപ്പെടുന്ന വൻ വികസന പദ്ധതികളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ പാലം പ്രവർത്തനക്ഷമമാകുന്നതോടെ ഈ മേഖലയിലേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമാകുകയും ഗതാഗതക്കുരുക്കിന് ഗണ്യമായ പരിഹാരമാകുകയും ചെയ്യും.













































