ഷാർജ: യു.എ.ഇയിൽ അഞ്ചുവർഷമായി ജോലി ചെയ്ത് സ്വരൂപിച്ച സമ്പാദ്യമടങ്ങിയ ബാഗ് ടാക്സിയിൽ മറന്നുവെച്ച യാത്രക്കാരന് അത് കണ്ടെത്തി നൽകി ഷാർജ പൊലീസ്. സമയോചിതമായ ഇടപെടലിലൂടെയാണ് വിലപ്പെട്ട ബാഗ് സുരക്ഷിതമായി ഉടമയ്ക്ക് കൈമാറിയത്.
ജന്മനാട്ടിലേക്ക് മടങ്ങുന്നതിനായി വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അറബ് സ്വദേശിയായ യാത്രക്കാരൻ അബദ്ധത്തിൽ ബാഗ് ടാക്സി വാഹനത്തിൽ മറന്നുവെച്ചത്. ബാഗിൽ വർഷങ്ങളായി സമ്പാദിച്ച പണവും മറ്റ് വിലപ്പെട്ട വസ്തുക്കളും ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് യാത്രക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷാർജ പൊലീസിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ സെക്യൂരിറ്റി ആൻഡ് പോർട്സ് വിഭാഗം ഉടൻ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും അത്യാധുനിക സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ച് ടാക്സിയുടെ യാത്രാമാർഗം ഉദ്യോഗസ്ഥർ കൃത്യമായി കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനം തിരിച്ചറിഞ്ഞ് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ബാഗ് സുരക്ഷിതമായി വീണ്ടെടുക്കാൻ പൊലീസിന് സാധിച്ചു. ബാഗിലുണ്ടായിരുന്ന പണവും മറ്റ് സാധനങ്ങളും നഷ്ടപ്പെടാതെ ഉടമയ്ക്ക് തിരികെ ലഭിച്ചതോടെ വലിയ ആശ്വാസമാണ് ഉണ്ടായത്.
അഞ്ചുവർഷത്തെ കഠിനാധ്വാനത്തിലൂടെ സ്വരൂപിച്ച സമ്പാദ്യം തിരിച്ചുകിട്ടാൻ സഹായിച്ച ഷാർജ പൊലീസിന്റെ സേവനത്തിന് ബാഗുടമ നന്ദി രേഖപ്പെടുത്തി. പൊതുജനങ്ങളുടെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിലും നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്തി തിരികെ നൽകുന്നതിലും യു.എ.ഇയിലെ സുരക്ഷാ സംവിധാനങ്ങൾ നടത്തുന്ന കാര്യക്ഷമമായ പ്രവർത്തനത്തിന്റെ മറ്റൊരു ഉദാഹരണമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.












































