ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട പ്രവാസിയുടെ മൃതദേഹം എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ ഇന്ന് നാട്ടിലെത്തിക്കും.
ഷാർജ: ടിക്‌ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കഴിഞ്ഞ ദിവസം ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി സ്വദേശി പൊന്നൻ ഇസ്മാഈലിന്റെ (40) മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ 4.10-ന് കണ്ണൂർ വിമാനത്താവളത്തിലെത്തും.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരവും ഭരണപരവുമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലുള്ള ലീഗൽ ടീമും ബന്ധുക്കളും ചേർന്നാണ് നടപടികൾ ഏകോപിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കേരള കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖിന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടായിരുന്നുവെന്നും മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് പിന്തുണ ലഭിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു.














































