അബൂദബി: നഗരത്തിലെ പ്രധാന ഗതാഗത പാതകളിലൊന്നായ ശൈഖ് റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റില്‍ റോഡ് വികസന-പരിപാലന പ്രവൃത്തികളുടെ ഭാഗമായി ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അബൂദബി മൊബിലിറ്റി അറിയിച്ചു. ജൂണ്‍ 22 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
റോഡ് പൂര്‍ണമായും അടച്ചിടുന്നില്ലെങ്കിലും ചില ലെയ്നുകള്‍ താല്‍ക്കാലികമായി അടയ്ക്കുകയും വാഹന ഗതാഗതം ബദല്‍ മാര്‍ഗങ്ങളിലൂടെ തിരിച്ചുവിടുകയും ചെയ്യുന്നുണ്ട്. ഇതുമൂലം, പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളില്‍ യാത്രാസമയം വര്‍ധിക്കാനും സമീപ റോഡുകളില്‍ വാഹനത്തിരക്ക് അനുഭവപ്പെടാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരിക്കുന്ന താല്‍ക്കാലിക മാര്‍ഗനിര്‍ദേശ ബോര്‍ഡുകളും വഴിതിരിച്ചുവിടല്‍ ക്രമീകരണങ്ങളും കര്‍ശനമായി പാലിക്കണമെന്ന് വാഹനയാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രയ്ക്ക് സാധാരണയേക്കാള്‍ കൂടുതല്‍ സമയം വേണ്ടിവരാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂട്ടി യാത്രാ പദ്ധതി തയ്യാറാക്കുന്നതും അനുയോജ്യമായ ബദല്‍ റൂട്ടുകള്‍ തിരഞ്ഞെടുക്കുന്നതും ഗുണകരമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
അബൂദബിയിലെ വിവിധ മേഖലകളില്‍ റോഡ് ശൃംഖല മെച്ചപ്പെടുത്തുന്നതിനും ഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായി നടപ്പാക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഭാഗമായാണ് നിലവിലെ പ്രവൃത്തികള്‍ നടക്കുന്നത്.













































