മെട്രോ, ട്രാം, ബസ് സർവീസുകളിൽ മാറ്റം; തിങ്കളാഴ്ച കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്കും വാഹന പരിശോധനാ കേന്ദ്രങ്ങൾക്കും അവധിയായിരിക്കും.
ദുബായ്: ഹിജ്ര വത്സര (1448) പൊതുഅവധിയോടനുബന്ധിച്ച് ദുബായിലെ പൊതുഗതാഗത സംവിധാനങ്ങൾ, പൊതു പാർക്കിംഗ് മേഖലകൾ, കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ എന്നിവയുടെ പുതുക്കിയ പ്രവർത്തന സമയക്രമം റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു. വരാനിരിക്കുന്ന തിങ്കളാഴ്ച (ജൂൺ 15, 2026) ആയിരിക്കും ഈ മാറ്റങ്ങൾ പ്രധാനമായും പ്രാബല്യത്തിൽ വരിക.
അവധദിനമായ ജൂൺ 15 തിങ്കളാഴ്ച ദുബായിലെ മൾട്ടി-സ്റ്റോറി (ബഹുനില) പാർക്കിംഗ് കെട്ടിടങ്ങൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗ് മേഖലകളും സൗജന്യമായിരിക്കും. ജൂൺ 16 ചൊവ്വാഴ്ച മുതൽ സാധാരണ നിരക്ക് പുനരാരംഭിക്കും.
തിങ്കളാഴ്ച ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ രാവിലെ 5:00 മണി മുതൽ അർധരാത്രി 12:00 മണി വരെ സർവീസ് നടത്തും. ദുബായ് ട്രാം തിങ്കളാഴ്ച രാവിലെ 6:00 മണി മുതൽ പിറ്റേന്ന് പുലർച്ചെ 1:00 മണി വരെയായിരിക്കും സർവീസ് നടത്തുകയെന്ന് അധികൃതർ വ്യക്തമാക്കി.
പൊതുബസുകളെ ആശ്രയിക്കുന്ന യാത്രക്കാർ കൃത്യമായ സമയവിവരങ്ങൾ അറിയാൻ ‘S’hail’ സ്മാർട്ട് ആപ്പ് പരിശോധിക്കേണ്ടതാണ്. അബുദാബിയിലേക്കുള്ള യാത്രക്കാർ പ്രത്യേക ശ്രദ്ധ പുലർത്തേണ്ട ഒരു പ്രധാന മാറ്റമുണ്ട്. ജൂൺ 13 ശനിയാഴ്ച മുതൽ ജൂൺ 15 തിങ്കളാഴ്ച വരെ അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് E100 (അബുദാബി) സർവീസ് ഉണ്ടായിരിക്കുന്നതല്ല. ഈ ദിവസങ്ങളിൽ അബുദാബിയിലേക്ക് പോകേണ്ടവർ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് E101 ഉപയോഗിക്കേണ്ടതാണ്.
തിങ്കളാഴ്ച ആർടിഎയുടെ എല്ലാ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്കും വെഹിക്കിൾ ടെസ്റ്റിംഗ് കേന്ദ്രങ്ങൾക്കും അവധിയായിരിക്കും. എന്നാൽ ഉം റമൂലിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററും ദേര, അൽ ബർഷ, അൽ തവാർ, അൽ കിഫാഫ്, ആർടിഎ ഹെഡ്ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലെ സ്മാർട്ട് കിയോസ്കുകളും 24 മണിക്കൂറും പ്രവർത്തിക്കും. മെറൈൻ ട്രാൻസ്പോർട്ട് സമയ വിവരങ്ങൾ ആർടിഎയുടെ ഔദ്യോഗിക ലിങ്ക് (https://rta.ink/4ieNSa0) വഴി ലഭ്യമാണ്.















































